ലണ്ടന്‍: ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്കായി അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍.
ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് ഭീഷണിയായ ഇറാന്റെ മിസൈല്‍ ശേഖരങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്കായി ബ്രിട്ടീഷ് താവളങ്ങള്‍ വിട്ടുനല്‍കാനാണ് യു.കെയുടെ തീരുമാനം.
എന്നാല്‍ ഇറാനെതിരായ ഈ യുദ്ധത്തില്‍ യു.കെ പങ്കാളിയാകരുതെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി എം.പിമാര്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് കത്തെഴുതിയിട്ടുണ്ട്.
ഇറാനെതിരായ ‘നിയമവിരുദ്ധമായ യു.എസ്-ഇസ്രഈല്‍ യുദ്ധത്തില്‍’ യു.കെയുടെ പങ്കാളിത്തത്തെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചാണ് ഗ്രീന്‍ പാര്‍ട്ടി എം.പിമാരുടെ കത്ത്.
ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന യു.എസ് ബോംബറുകള്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കാണോ ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം.പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് താവളങ്ങളില്‍ നിരോധിത ‘ക്ലസ്റ്റര്‍’ യുദ്ധോപകരണങ്ങള്‍ കയറ്റുന്നുണ്ടോ എന്നും എം.പിമാര്‍ കത്തില്‍ ചോദിച്ചു. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ഷയറിലുള്ള ഒരു പ്രധാനപ്പെട്ട സൈനിക വിമാനത്താവളമാണ് ആര്‍.എ.എഫ് ഫെയര്‍ഫോര്‍ഡ്.
മാത്രമല്ല ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ഈ യുദ്ധം നീണ്ടുപോയാല്‍ യു.കെയുടെ സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ച നേരിടുമെന്നും എം.പിമാര്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്രഈല്‍ സര്‍ക്കാരിനുള്ള എല്ലാ ആയുധ വില്‍പനയും സൈനിക സഹകരണവും ഉടന്‍ തന്നെ യു.കെ അവസാനിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഈ യുദ്ധത്തില്‍ ഇനിയും പങ്കാളിയാകരുതെന്നും അവര്‍ കത്തില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുദ്ധത്തില്‍ ഇതുവരെ 168 കുട്ടികള്‍ ഉള്‍പ്പെടെ 1,000-ത്തിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനൊപ്പം തന്നെ ലെബനനിലെ സൈനിക നടപടികള്‍ ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്നും നിരവധിയാളുകളാണ് ദിവസേനയെന്നോണം കൊല്ലപ്പെടുന്നതെന്നും കത്തില്‍ എം.പിമാര്‍ ചൂണ്ടിക്കാട്ടി.
സ്വയം പ്രതിരോധത്തിനെന്ന് പറഞ്ഞുകൊണ്ടാണ് യു.കെ താവളങ്ങള്‍ ഉപയോഗിക്കാനുള്ള യു.എസ് കരാര്‍ വിപുലീകരിച്ചതായി കാബിനറ്റ് മന്ത്രിമാര്‍ ഇന്നലെ സ്ഥിരീകരിച്ചത്.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച യു.കെ ബ്രിട്ടീഷ് രജിസ്റ്ററിലുള്ള കപ്പലുകള്‍ക്കും സഖ്യകക്ഷികളുടെ കപ്പലുകള്‍ക്കും നേരെ ഇറാന്‍ നടത്തുന്ന നീക്കങ്ങള്‍ ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് പറയുകയും ചെയ്തു.
അതേസമയം യുദ്ധത്തിന്റെ തുടക്കത്തില്‍ താവളങ്ങള്‍ വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചിരുന്ന യു.കെ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ഈ മാറ്റത്തെ അംഗീകരിക്കാനാവില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡെനോക്ക് പറഞ്ഞു.
എന്നാല്‍ ‘നമ്മളെയും സഖ്യകക്ഷികളെയും പ്രതിരോധിക്കുമ്പോള്‍ തന്നെ ഒരു വിശാലമായ യുദ്ധത്തിലേക്ക് രാജ്യം വലിച്ചിഴയ്ക്കപ്പെടില്ലെന്ന് ഉറപ്പാക്കും,’ എന്നാണ് പ്രധാനമന്ത്രി സ്റ്റാര്‍മര്‍ ഇതേ കുറിച്ച് പറഞ്ഞത്.
ഫെബ്രുവരി 28ന് ഇസ്രഈലും യു.എസും ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയും ഇറാന്റെ സൈനിക തലവനും ഇന്റലിജന്‍സ് മേധാവിയും ഉള്‍പ്പെടെ 1,300-ഓളം പേരാണ് ഇസ്രഈല്‍-യു.എസ് ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
ഇതിന് മറുപടിയായി ഇറാന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുകയും ആഗോള വിപണികളെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പ്രതിദിനം 20 ദശലക്ഷം ബാരല്‍ എണ്ണ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതോടെ ആഗോള ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിന്റെ 20 ശതമാനവും പ്രതിസന്ധിയിലായിരിക്കുകയാണ്.
Content Highlight: UK Green MPs urge premier to end UK role in ‘illegal’ US-Israeli war on Iran