ലണ്ടന്‍: ഇസ്രഈല്‍ ആയുധ നിര്‍മാണ കമ്പനിയുമായി യു.കെ സര്‍ക്കാര്‍ രണ്ട് ബില്യണ്‍ പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 60,000 ബ്രിട്ടീഷ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതിനായാണ് ഇസ്രഈലിലെ ഏറ്റവും വലിയ ആയുധ നിര്‍മാണ കമ്പനിയുമായി യു.കെ ഒപ്പുവെക്കുന്നത്.
ടെല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സൈനിക-പ്രതിരോധ കരാര്‍ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റവുമായാണ് യു.കെയിലെ ലേബര്‍ സര്‍ക്കാര്‍ കരാറിനൊരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ എല്‍ബിറ്റ് സിസ്റ്റംസ് ഏകദേശം 85 ശതമാനത്തോളം ഇസ്രഈല്‍ ഡ്രോണുകളും സൈനിക ഉപകരണങ്ങളും ബ്രിട്ടന് കൈമാറും.
കൂടാതെ ബ്രിട്ടീഷ് സൈനികര്‍ക്ക് എങ്ങനെ, എവിടെ വെച്ച് പരിശീലനം നല്‍കണം എന്നതിലുള്‍പ്പെടെ എല്‍ബിറ്റിന് തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് വിവരം. 2023 മുതല്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രൊജക്റ്റ് വള്‍ക്കന്‍ നടത്തിവരുന്നത് ആല്‍ബിറ്റ് സിസ്റ്റംസാണ്.
ജൂലൈയില്‍ എല്‍ബിറ്റിനെതിരെ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീനിലെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‌സെസ്‌ക ആല്‍ബനീസ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എല്‍ബിറ്റ് സിസ്റ്റംസിനെ പോലുള്ള ഇസ്രഈല്‍ കമ്പനികള്‍ക്ക് വംശഹത്യ ലാഭകരമായ സംരംഭമാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഈ റിപ്പോര്‍ട്ട് ശ്രദ്ധിക്കപ്പെട്ടതോടെ ഇസ്രഈലിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു.
എന്നാല്‍ ഇതിനിടെ എല്‍ബിറ്റ് സിസ്റ്റംസുമായി സെര്‍ബിയ കരാറിലെത്തിയിരുന്നു. സെര്‍ബിയയുടെ നീക്കം കെയ്ര്‍ സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള യു.കെ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തല്‍.
നിലവില്‍ റോക്കറ്റുകള്‍ ഉള്‍പ്പെടെയുളള സൈനിക ഉപകരണങ്ങളാണ് എല്‍ബിറ്റ് സിസ്റ്റംസ് സെര്‍ബിയക്ക് നല്‍കുന്നത്. 1.63 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് സെര്‍ബിയയും ഇസ്രഈല്‍ കമ്പനിയും ഒപ്പുവെച്ചത്.
അതേസമയം 1966ല്‍ സ്ഥാപിതമായ എല്‍ബിറ്റ് സിസ്റ്റംസാണ് ഇസ്രഈല്‍ സൈന്യത്തിന് കര-അധിഷ്ഠിത ഉപകരണങ്ങളും ആളില്ലാ ആകാശ വാഹനങ്ങളും നല്‍കുന്നത്. 2022ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ബിറ്റ് സിസ്റ്റംസിന് 18,407 ജീവനക്കാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇസ്രഈല്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതും താമസിക്കുന്നതും.
ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും എല്‍ബിറ്റ് സിസ്റ്റംസിന്റെ ഫാക്ടറികള്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ പ്രതിഷേധങ്ങളെയെല്ലാം വിലക്കെടുക്കാതെയാണ് യു.കെ സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നത്.
Content Highlight: UK government to sign £2 billion military training deal with Israeli company