| Monday, 23rd March 2026, 1:02 pm

ഇറാന്‍ യു.കെയെ ആക്രമിക്കുമെന്ന ഇസ്രഈല്‍ വാദത്തിന് അടിസ്ഥാനമില്ല; തള്ളി ബ്രിട്ടീഷ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഇറാന്റെ പക്കല്‍ ലണ്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങളെ ലക്ഷ്യം വെക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉണ്ടെന്ന ഇസ്രഈലിന്റെ അവകാശവാദങ്ങള്‍ തള്ളി ബ്രിട്ടണ്‍

ഇറാന് യു.കെയെ ആക്രമിക്കാന്‍ കഴിയുമെന്നോ, അവര്‍ അതിന് ലക്ഷ്യമിടുന്നുവെന്നോ ഉള്ളതിന് നിലവില്‍ യാതൊരു ഔദ്യോഗിക വിലയിരുത്തലുകളും ഇല്ലെന്ന് ബ്രിട്ടീഷ് ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് വ്യക്തമാക്കി.

ടെഹ്റാനില്‍ നിന്ന് 4,000 കിലോമീറ്റര്‍ (2,485 മൈല്‍) വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഇറാന്റെ കൈവശമുണ്ടെന്നും ലണ്ടന്‍, പാരിസ്, ബെര്‍ലിന്‍ തുടങ്ങിയ നഗരങ്ങള്‍ ഇറാന്റെ ഭീഷണിയിലാണെന്നും ഇസ്രഈല്‍ പ്രതിരോധ സേന ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു സ്റ്റീവ് റീഡ്.

‘ഇറാന്‍ യു.കെയെ ലക്ഷ്യമിടുന്നുവെന്നോ, അവര്‍ക്ക് വേണമെങ്കില്‍ അങ്ങനെ ചെയ്യാന്‍ കഴിയുമെന്നോ ഉള്ള ഇസ്രഈല്‍ വാദങ്ങളെ ശരിവെക്കുന്ന ഒരു റിപ്പോര്‍ട്ടും ഞങ്ങളുടെ പക്കലില്ല,’ റീഡ് പറഞ്ഞു.

ഇസ്രഈല്‍ മനഃപൂര്‍വ്വം യുദ്ധം വ്യാപിപ്പിക്കാനും കൂടുതല്‍ രാജ്യങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുകയാണെന്ന് മുന്‍ നാറ്റോ കമാന്‍ഡര്‍ സര്‍ റിച്ചാര്‍ഡ് ഷിറഫ് ഉള്‍പ്പെടെയുള്ള സൈനിക വിദഗ്ധരും അഭിപ്രായപ്പെട്ടു.

ഇറാനില്‍ നിന്ന് ഏകദേശം 3,800 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകളിലുള്ള യു.എസ്-യു.കെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാര്‍സിയയെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ അയച്ചതായി ഇസ്രഈല്‍ അവകാശപ്പെട്ടിരുന്നു.

ഡീഗോ ഗാര്‍സിയയിലേക്ക് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് പരാജയപ്പെട്ടതായും മറ്റൊന്ന് തടഞ്ഞതായുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യു.കെ തയ്യാറായിട്ടില്ല. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുമുണ്ട്.

അതേസമയം, ഇറാന്റെ പക്കലുള്ള മിസൈലുകളുടെ ഔദ്യോഗിക ദൂരപരിധി 2,000 കിലോമീറ്ററാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഈ മാസം ആദ്യം വ്യക്തമാക്കിയത്. എന്നിരുന്നാലും, വാര്‍ഹെഡുകളുടെ ഭാരം കുറച്ച് ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ സാങ്കേതികമായി സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധനായ ഡോ. സിദ്ധാര്‍ത്ഥ് കൗശല്‍ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രഈലും ഇറാനില്‍ നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഉള്‍പ്പെടെ 1,300 പേര്‍ കൊല്ലപ്പെട്ടതോടെയാണ് മേഖലയില്‍ യുദ്ധ സാഹചര്യം ഉടലെടുത്തത്.

ഇതിന് തിരിച്ചടിയായി ഇസ്രഈല്‍, ജോര്‍ദാന്‍, ഇറാഖ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇത് ആഗോള എണ്ണ വിപണിയെയും വ്യോമയാന മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.

അതേസമയം അമേരിക്കയ്ക്ക് തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ യു.കെ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധം ശക്തമാണ്.

ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ലിബറല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടു. എന്നാല്‍, പൗരന്മാരുടെ സുരക്ഷയ്ക്കായി എടുക്കുന്ന അടിയന്തര തീരുമാനങ്ങള്‍ക്ക് വോട്ടെടുപ്പ് മാതൃകയില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഈ ആവശ്യം തള്ളി.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സംരക്ഷിക്കാനും സഖ്യകക്ഷികളെ സഹായിക്കാനും ബ്രിട്ടീഷ് സേന തയ്യാറാണെന്നും, സ്വന്തം മണ്ണിലും വിദേശത്തുമുള്ള തങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കാന്‍ യു.കെയ്ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്നും സ്റ്റീവ് റീഡ് പറഞ്ഞു.

Content Highlight: UK dismisses Israel’s claim that Iran could hit London

We use cookies to give you the best possible experience. Learn more