| Sunday, 21st September 2025, 7:43 pm

ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യു.കെയും കാനഡയും ഓസ്‌ട്രേലിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് യു.കെയും കാനഡയും ഓസ്‌ട്രേലിയയും. മൂന്നു രാജ്യങ്ങളും ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ദ്വിരാഷ്ട്ര പ്രഖ്യാപനം സമാധാനമുണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പറഞ്ഞു. ഇസ്രഈലിനും ഫലസ്തീനും മികച്ച ഭാവി ഉണ്ടാകട്ടെയെന്നും സ്റ്റാമർ പറഞ്ഞു. ബന്ദികളെ ഉടൻ വിട്ടയയ്ക്കണമെന്നും യു.കെ ആവശ്യപ്പെട്ടു.

ഇസ്രഈൽ ഈ നടപടിയുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ ലോക രാജ്യങ്ങൾ ഫലസ്തീനിനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

‘സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കുന്നതിന്, യു.കെയുടെ പ്രധാനമന്ത്രി എന്ന നിലയിൽ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്നു,’ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ എക്സ് പോസ്റ്റിൽ കുറിച്ചു.

സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രഈലും സ്വതന്ത്രമായ ഫലസ്തീനിനും വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത്. ഇത് രണ്ടും ഇപ്പോൾ ഇല്ലെന്നും ഫലസ്തീനിലെയും ഇസ്രഈലിലെയും ജനങ്ങൾ സമാധാനത്തോടെ ജീവിക്കാൻ അർഹരാണെന്നും സ്റ്റാമർ കൂട്ടിച്ചേർത്തു.

ജൂലൈയിൽ ഹമാസുമായുള്ള വെടിനിർത്തലിന് തയ്യാറാവുക, ഗസയിലേക്ക് കൂടുതൽ മാനുഷിക സഹായം അനുവദിക്കുക, വെസ്റ്റ് ബാങ്കിന്റെ അധിനിവേശം ഒഴിവാക്കുക, ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്ന ഒരു സമാധാന പ്രക്രിയയ്ക്ക് പ്രതിജ്ഞാബദ്ധത പുലർത്തുക തുടങ്ങിയ വ്യവസ്ഥകൾ ഇസ്രഈൽ പാലിക്കുന്നില്ലെങ്കിൽ യു.കെ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് സ്റ്റാർമർ അറിയിച്ചിരുന്നു.

പലസ്തീനെ തന്റെ സർക്കാർ അംഗീകരിക്കുന്നതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രഖ്യാപിച്ചു. ദ്വിരാഷ്ട്ര പരിഹാരം അന്താരാഷ്ട്ര മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിലൂടെ ദ്വിരാഷ്ട്ര പരിഹാരം ആരംഭിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയിൽ അൽബനീസ് പറഞ്ഞു. ഫലസ്തീനിന്റെ ഭാവി ഭരണത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാൻ ഒന്നിലധികം രാജ്യങ്ങൾ തയ്യാറാകും.

55 പേരാണ് ഇന്ന് മാത്രം ഫലസ്തീനിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഓരോ മണിക്കൂറിലും ഇത് കൂടിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ സ്ത്രീകൾ എന്നില്ലാതെ എല്ലാവർക്കുമേലും ഇസ്രഈൽ ആക്രമണം തുടരുന്ന ഘട്ടത്തിലാണ് മൂന്ന് രാജ്യങ്ങളും ഫലസ്തീനെ രാജ്യമായി അംഗീകരിച്ചത്.

Content Highlight: UK, Canada and Australia recognize Palestine as a state

We use cookies to give you the best possible experience. Learn more