ലണ്ടൻ: ഗസ വംശഹത്യക്കെതിരെ പ്രതിഷേധിച്ച 83 വയസുള്ള ക്രിസ്ത്യൻ പുരോഹിതയെ തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ലണ്ടൻ പൊലീസ്. ഗസ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്ന ഫലസ്തീൻ ആക്ഷനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചതിന് പിന്നാലെയാണ് സംഘടനക്ക് കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിരമിച്ച ചർച്ച് ഓഫ് ഇംഗ്ലണ്ട് പുരോഹിതയായ 83 വയസ്സുള്ള സൂ പാർഫെറ്റാണ് അറസ്റ്റിലായത്. ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയും ആഗോള ആംഗ്ലിക്കൻ സഭയുടെ മാതൃസഭയുമാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട്. റോമൻ കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞാണ് ഇത് നിലവിൽ വന്നത്.
ഗസയിൽ നടക്കുന്ന വംശഹത്യക്കെതിരെ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ഫലസ്തീൻ ആക്ഷന്റെ കീഴിൽ പ്രതിഷേധം നടത്തുകയായിരുന്നു സൂ പാർഫെറ്റ്. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്ത 27 ഫലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ഒരാളാണ് സൂ പാർഫിറ്റ്.
‘വംശഹത്യയെ ഞാൻ എതിർക്കുന്നു. ഫലസ്തീനെതിരായ ആക്രമണം ഞാൻ എതിർക്കുന്നു’വെന്ന ഫ്ലാക്കാർഡ് ഉയർത്തി പ്രതിഷേധിച്ച റവറന്റ് സൂ പാർഫെറ്റിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാർഫെറ്റിന്റെ അറസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് സ്വേച്ഛാധിപത്യത്തിന്റെയും സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരായ അടിച്ചമർത്തലാണെന്ന് ഒരാൾ വിമർശിച്ചു. മറ്റൊരാൾ പാർഫെറ്റിനെ ഹീറോയെന്ന് വിളിക്കുന്നതും നിയമവിരുദ്ധമാണോ എന്ന് ചോദിച്ചു.
പാർഫെറ്റ് വംശഹത്യക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും അതൊരു കുറ്റകൃത്യമല്ല അവരെ ഉടൻ മോചിപ്പിക്കണമെന്നും പാർഫെറ്റിന്റെ സുഹൃത്ത് ജെറി ഹിക്സ് ആവശ്യപ്പെട്ടു.
ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിന് യു.കെ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ ഒരു സൈനിക താവളത്തിലേക്ക് അതിക്രമിച്ച് കയറി രണ്ട് വിമാനങ്ങളിൽ ചുവന്ന പെയിന്റ് തളിച്ചിരുന്നു. പിന്നാലെയാണ് പാർലമെന്റ് സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും നിരോധിക്കാനും വോട്ടെടുപ്പ് നടത്തിയത്.
പിന്നാല സംഘടനയെ നിരോധിത ഗ്രൂപ്പായി അംഗീകരിച്ചിരുന്നു. നിരോധനം നിലവിൽ വന്നതോടെ ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗത്വമെടുക്കുന്നതും ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി. നിരോധനം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇവരുടെ അറസ്റ്റ്.
ഫലസ്തീൻ ആക്ഷനോടൊപ്പം മാനിയാക് മർഡർ കൾട്ട് (എം.എം.സി), റഷ്യൻ ഇംപീരിയൽ മൂവ്‌മെന്റ് (ആർ.ഐ.എം) എന്നീ ഗ്രൂപ്പുകളും നിരോധിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകൾക്കൊപ്പം ഒരു ഡയറക്ട് ആക്ഷൻ ഗ്രൂപ്പ് ബ്രിട്ടനിൽ നിരോധനം നേരിടുന്നത് ഇതാദ്യമായിരിക്കും. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സായുധ ഗ്രൂപ്പുകളുമായി ഫലസ്തീൻ ആക്ഷനെ തുലനം ചെയ്യുന്നതും ഗ്രൂപ്പ് നിരോധിക്കുന്നതും വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.
Content Highlight: UK arrests 83-year-old priest for backing Palestine Action and opposing Gaza genocide