| Sunday, 6th July 2025, 7:13 am

ഗസ വംശഹത്യക്കെതിരെ പ്രതിഷേധിച്ചു; 27 ഫലസ്തീൻ ആക്ഷൻ പ്രവർത്തകരെ തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ലണ്ടൻ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗസയിൽ നടക്കുന്ന വംശഹത്യക്കെതിരെ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ പ്രതിഷേധിച്ച 27 ഫലസ്തീൻ ആക്ഷൻ പ്രവർത്തകരെ തീവ്രവാദ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ലണ്ടൻ പൊലീസ്. അതേസമയം ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിൽ പങ്കാളികളായ കമ്പനികളുമായുള്ള ബന്ധത്തിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രവർത്തകർ ലണ്ടൻ പ്രൈഡ് പരേഡ് തടഞ്ഞു.

കഴിഞ്ഞ ദിവസം ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ യുണൈറ്റഡ് കിങ്‌ഡത്തിൽ നിരോധിച്ചിരുന്നു. നിരോധനം നടന്ന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അറസ്റ്റ്. ‘പാർലമെന്റ് സ്ക്വയറിൽ ഫലസ്തീനെ പിന്തുണച്ച് നടന്ന പ്രതിഷേധത്തിൽ ആകെ 27 പേർ അറസ്റ്റിലായി. അവർ ഇപ്പോഴും കസ്റ്റഡിയിലാണ്,’ മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്തവരിൽ ഒരു ക്രിസ്ത്യൻ പുരോഹിതനും നിരവധി ആരോഗ്യ വിദഗ്ധരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ക്യാമ്പയിൻ ഗ്രൂപ്പായ ഡിഫെൻഡ് ഔർ ജൂറീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ‘ഞാൻ വംശഹത്യയെ എതിർക്കുന്നു. ഞാൻ ഫലസ്തീനെ പിന്തുണയ്ക്കുന്നു’ എന്ന് എഴുതിയ  ബോർഡുകൾ പ്രതിഷേധക്കാർ പിടിച്ചിരുന്നു.

‘പ്രതിഷേധത്തിനിടെ നദിയിൽ നിന്ന് കടലിലേക്ക്, ഫലസ്തീൻ സ്വതന്ത്രമാകും, മെറ്റ് പൊലീസ്, നിങ്ങൾ സയണിസ്റ്റ് സ്റ്റേറ്റിന്റെ പാവകളാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു.

ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിന് യു.കെ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ ഒരു സൈനിക താവളത്തിലേക്ക് അതിക്രമിച്ച് കയറി രണ്ട് വിമാനങ്ങളിൽ ചുവന്ന പെയിന്റ് തളിച്ചിരുന്നു. പിന്നാലെയാണ് പാർലമെന്റ് സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും നിരോധിക്കാനും വോട്ടെടുപ്പ് നടത്തിയത്.

ഫലസ്തീൻ ആക്ഷനോടൊപ്പം മാനിയാക് മർഡർ കൾട്ട് (എം.എം.സി), റഷ്യൻ ഇംപീരിയൽ മൂവ്‌മെന്റ് (ആർ.ഐ.എം) എന്നീ ഗ്രൂപ്പുകളും നിരോധിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകൾക്കൊപ്പം ഒരു ഡയറക്ട് ആക്ഷൻ ഗ്രൂപ്പ് ബ്രിട്ടനിൽ നിരോധനം നേരിടുന്നത് ഇതാദ്യമായിരിക്കും. അൽ-ഖ്വയ്ദ, ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള സായുധ ഗ്രൂപ്പുകളുമായി ഫലസ്തീൻ ആക്ഷനെ തുലനം ചെയ്യുന്നതും ഗ്രൂപ്പ് നിരോധിക്കുന്നതും വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.

ജുഡീഷ്യൽ പുനഃപരിശോധന വരെ നിരോധനം താൽക്കാലികമായി തടയുന്നതിന് ഇടക്കാല ആശ്വാസത്തിനായി അപേക്ഷിക്കാനുള്ള ഗ്രൂപ്പ് നടത്തിയ ആവശ്യം വെള്ളിയാഴ്ച ഹൈക്കോടതി നിരസിച്ചിരുന്നു. ശനിയാഴ്ച അർധരാത്രി മുതൽ ഗ്രൂപ്പിനെ നിരോധിക്കുന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നു.

ഇതോടെ ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗത്വമെടുക്കുന്നതും ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

Content Highlight: UK: 27 arrested under Terrorism Act at Palestine Action protest

We use cookies to give you the best possible experience. Learn more