| Wednesday, 21st January 2026, 6:37 pm

'ഉജ്ജീവനം'; മുണ്ടക്കൈ-വിലങ്ങാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി പുതിയ വായ്പ പദ്ധതി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: മേപ്പാടി വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരുടെ പുനരധിവാസത്തിനായി ‘ഉജ്ജീവനം’ എന്ന പേരിൽ പുതിയ വായ്പ പദ്ധതിക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ദുരന്തബാധിതർക്ക് തങ്ങളുടെ ഉപജീവന മാർഗം തിരിച്ചുപിടിക്കുന്നതിനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പദ്ധതി സഹായിക്കുന്നു.

കുടുംബശ്രീ വഴിയാണ് ബാങ്ക് വായ്പ ലഭ്യമാക്കുകയെന്നും മന്ത്രിസഭ അറിയിച്ചു. സ്വയം തൊഴിൽ പര്യാപ്തമാക്കാൻ അതിനാവശ്യമായ വായ്പ തരപ്പെടുത്തുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

20 കോടിയോളം രൂപ പദ്ധതിക്ക് വേണ്ടി ചെലവഴിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടലെന്ന് മന്ത്രിസഭ പറഞ്ഞു.

ഇതിലൂടെ സ്ഥിരം വരുമാനം ഉറപ്പുവരുത്താൻ ദുരന്തബാധിതർക്ക് കഴിയുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

ദുരന്തബാധിതരുടെ ആദ്യഘട്ട വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് റവന്യു മന്ത്രി കെ. രാജൻ നേരത്തെ പറഞ്ഞിരുന്നു.

259 വീടുകളുടെ മെയിൻ വാർപ്പ് പൂർത്തിയായെന്നും അന്തിമ ഗുണഭോക്തൃ പട്ടികയായിട്ടില്ലെന്നും വീടുകൾ കൈമാറുന്നതിന്റെ അലോട്ട്മെന്റിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

കൽപ്പറ്റയിലെ ടൗൺഷിപ്പിന്റെ നിർമാണപുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘259 വീടുകളുടെ വാർപ്പും 312 വീടുകളുടെ ഫൗണ്ടേഷനും ഇതിനികം പൂർത്തീകരിച്ചിട്ടുണ്ട്. ഡി.എൽ.സി ലൈബിലിറ്റി പിരിയഡ് അഞ്ച് വർഷമാണ്. ആ പിരീഡ് ഉള്ളതുകൊണ്ട് നിർമാണം പൂർത്തീകരിച്ചേ താക്കോൽ കൊടുക്കുകയുള്ളൂ,’ കെ. രാജൻ പറഞ്ഞു.

ഫെബ്രുവരി മാസത്തിൽ തന്നെ താക്കോൽ നൽകുമെന്നും ഉദ്ഘാടനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: ‘Ujjeevanam’; New loan scheme for rehabilitation of Mundakai-Vilangad disaster victims

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more