ന്യൂദൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വം ഉറപ്പാക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം.
രണ്ടാഴ്ചയായി സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവരുന്ന സമരം കൂട്ടരാജിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതൃത്വത്തില്‍ നിന്ന് പത്ത് ഭാരവാഹികളും ഒരു ഉന്നത ഉദ്യോഗസ്ഥനും പ്രതിഷേധ സൂചകമായി ഗവണ്മെന്റ് ഉദ്യോഗത്തില്‍ നിന്ന് രാജിവെച്ചു.
നോയിഡയിലെ ബി.ജെ.പി യുവമോര്‍ച്ച വൈസ് പ്രസിഡന്റ് രാജു പണ്ഡിറ്റ് യു.ജി.സിയുടെ പുതിയ നിയമ പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് സ്ഥാനം രാജിവെച്ചു.
യു.ജി.സിയുടെ പുതിയ പരിഷ്‌കാരം ‘കരിനിയമ’മാണെന്നും ഇത് മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ലഖ്നൗവില്‍ പത്തോളം പ്രാദേശിക നേതാക്കളും സ്ഥാനം ഒഴിഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലങ്കാര്‍ അഗ്‌നിഹോത്രിയും പ്രതിഷേധത്തിന്റെ ഭാഗമായി രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്, എങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജനുവരി 13-ന് പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപീകരിക്കുന്ന ‘ഇക്വിറ്റി കമ്മിറ്റികളില്‍’ പിന്നോക്ക വിഭാഗങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും പ്രാതിനിധ്യം ഉണ്ടായിരിക്കണം.
എന്നാല്‍ ജനറല്‍ കാറ്റഗറിയിലുള്ള വിദ്യാര്‍ത്ഥികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്താത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. പുതിയ റെഗുലേഷനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
വിവേചനം ഇല്ലാതാക്കാന്‍ കൊണ്ടുവന്ന നിയമം മറ്റൊരു തരത്തിലുള്ള വിവേചനത്തിന് വഴിതുറക്കുന്നു എന്നാണ് സമരക്കാരുടെ പ്രധാന ആരോപണം. സോഷ്യല്‍ മീഡിയയില്‍ യു.ജി.സിക്കെതിരെ ഇക്കൂട്ടര്‍ പ്രതിഷേധമാണ് ഉയരുന്നത്.
പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ‘എല്ലാ തെറ്റിദ്ധാരണകളും’ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ജാര്‍ഖണ്ഡില്‍ നിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മോദിജി ഉള്ളിടത്തോളം കാലം, ഉയര്‍ന്ന ജാതിക്കാരുടെ കുട്ടികള്‍ക്ക് ഒരു ദോഷവും സംഭവിക്കില്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലുടനീളം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന് വിധേയരാകുന്നത്. സുപ്രീം കോടതിയുടെ കണക്ക് പ്രകാരം 2004-നും 2024-നും ഇടയില്‍ ജാതി അടിസ്ഥാനത്തിലുള്ള 115 ആത്മഹത്യാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
യു.ജി.സി പാര്‍ലമെന്ററി പാനലിനും സുപ്രീം കോടതിക്കും സമര്‍പ്പിച്ച ഡാറ്റ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ജാതി വിവേചന കേസുകളുടെ എണ്ണത്തില്‍ 118.4% വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് യു.ജി.സി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗക്കാരെതിരെയുള്ള ജാതിപരമായ വിവേചനത്തിനെ നിയന്ത്രിക്കുന്നതിന് വേണ്ടി രൂപീകരിക്കുന്ന സമിതിയുടെ ഉദ്ദേശശുദ്ധിയെ ലഘൂകരിക്കുന്നതിനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Content Highlight : UGC row: Your cheat sheet to controversy over new guidelines