ന്യൂദല്‍ഹി: കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കുന്നതിനായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ യു.ജി.സി നിര്‍ദേശം. 2022ലെ യു.ജി.സിയുടെ സര്‍ക്കുലര്‍ പ്രകാരം 25% സൂപ്പര്‍ന്യൂമററി സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് യു.ജി.സി നിര്‍ദേശിച്ചിരിക്കുന്നത്. യു.ജി, പി.ജി വിഭാഗങ്ങളിലാണ് സീറ്റ് വര്‍ധനവിന് യു.ജി.സി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യസമേഖലയിലെ ആഗോളപ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന അജണ്ടകളിലൊന്നാണെന്നും അതിനാല്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും യു.ജി.സി സെക്രട്ടറി മനീഷി ആര്‍. ജോഷി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (ഹയര്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍) അയച്ച കത്തില്‍ പറയുന്നു.
‘ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവല്‍ക്കരണം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി സൂപ്പര്‍ന്യൂമററി സീറ്റുകള്‍ സൃഷ്ടിക്കുന്നതിനും പ്രവേശനം നേടുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്.
2022 സെപ്റ്റംബര്‍ 30ന് ഇത് നടപ്പിലാക്കുന്നതിനായി യു.ജി.സി എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേദശങ്ങള്‍ നല്‍കിയിരുന്നു,’ പ്രൊഫ. ജോഷി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
2022ല്‍ യു.ജി.സി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടായിരുന്നു. യു.ജി.സി ചട്ടപ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് വര്‍ധിപ്പിക്കുക എന്നതായിരുന്നു ഈ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്.
വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള മാനദണ്ഡം നിശ്ചയിച്ചിരുന്നത് യു.ജി.സി അംഗീകൃത സ്ഥാപനങ്ങളോ അല്ലെങ്കില്‍ യു.ജി.സി നിയന്ത്രന്തണത്തിലുള്ള മറ്റ് സ്ഥാപനങ്ങളോ ആണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സുതാര്യമായ പ്രവേശന പ്രക്രിയ സ്വീകരിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
Content Highlight: UGC directs Higher Education Institution’s in the country to increase seats to accommodate foreign students