ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം തടയാനുള്ള യു.ജി.സി ചട്ടങ്ങള്‍ പുനപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഈ വര്‍ഷം ജനുവരിയില്‍ വിജ്ഞാപനം ചെയ്ത യു.ജി.സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ 2026ലാണ് കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധന നടത്തുമെന്ന് അറിയിച്ചത്.
‘ഇത് പുനപരിശോധിക്കുകയാണ്,’ എന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനോട് പറഞ്ഞു. യു.ജി.സി ചട്ടങ്ങള്‍ക്കെതിരായ ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ജനറല്‍ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ചട്ടങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നു എന്നാണ് യു.ജി.സി ചട്ടങ്ങള്‍ക്കെതിരായ ഹരജികളില്‍ ആരോപിക്കുന്നത്.
ജനുവരി 13നായിരുന്നു യു.ജി.സി ഈ ചട്ടങ്ങള്‍ പുറപ്പെടുവിച്ചത്. ജനുവരി 29ന് സുപ്രീംകോടതി ഇത് സ്‌റ്റേ ചെയ്തിരുന്നു. ചട്ടങ്ങളില്‍ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്ന് പറഞ്ഞായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജിസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റെ സ്‌റ്റേ.
ജാതിയധിക്ഷേപത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല, മെഡിക്കല്‍ വിദ്യാര്‍ഥി പായല്‍ തദ്വി എന്നിവരുടെ അമ്മമാര്‍ നല്‍കിയ പരാതിയില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദേശത്തിലായിരുന്നു യു.ജി.സി പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്.
Content Highlight: UGC caste discrimination guidelines under review: Centre to Supreme Court