| Saturday, 20th February 2016, 8:38 pm

ഉഗാണ്ടന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: യൊവേരി മുസേവേനിക്ക് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്


കംപാല:  ഉഗാണ്ടന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് യൊവേരി മുസേവേനിയെ വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് യൊവേരി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഉഗാണ്ടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് യൊവേരിയുടെ വിജയം പ്രഖ്യാപിച്ചത്. മുപ്പത് വര്‍ഷത്തോളമായി ഉഗാണ്ടയില്‍ അധികാരത്തിലിരിക്കുന്ന യൊവേരിക്ക് 607.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. അതേ സമയം പ്രതിപക്ഷ നേതാവായ കിസ ബെസിഗ്യേക്ക് 35 ശതമാനം വോട്ടുകളാണ് നേടാനായത്.

പ്രതിപക്ഷ നേതാവാണെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ കിസ ബെസിഗ്യേയെ യൊവേരി വീട്ടു തടങ്കലിലാക്കിയിരുന്നു. നേരത്തെ രണ്ട് തവണ ബെസിഗ്യേയെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് ബെസിഗ്യ അനുകൂലികള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് നീതിപൂര്‍വം ആയിരുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം സുത്യരമല്ലെന്നും സര്‍ക്കാരിന്റെ  എതിര്‍ സ്ഥാനാര്‍ത്ഥിയെ പോലീസ് തടങ്കലിലിട്ടെന്നും യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു. 1986ല്‍ അട്ടിമറിയിലൂടെയാണ് യൊവേരി ഉഗാണ്ടയില്‍ അധികാരം പിടിച്ചെടുത്തിരുന്നത്. യൊവേരി സര്‍ക്കാരില്‍ അഭ്യന്തര സഹമന്ത്രിയായിരുന്നയാളാണ് കിസ ബെസിഗ്യേ.

അതേ സമയം മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അമാമ മബാസിയെയും സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കിയതായി സൂചനകളുണ്ട്.

We use cookies to give you the best possible experience. Learn more