| Friday, 31st July 2026, 7:01 am

'ലോകകപ്പ് വിൽക്കാനുള്ളതല്ല' മത്സരങ്ങൾ ബഹിഷ്കരിക്കും; ഫിഫക്ക് മുന്നറിയിപ്പുമായി യുവേഫ

സുദേവ് എ

ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി യുവേഫ. ഫിഫയുടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ നടത്തുന്ന ഉപ കമ്പനിയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫയുടെയും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെയും നീക്കത്തിന് പിന്നാലെയാണ് യുവേഫയുടെ തീരുമാനം. ലോകകപ്പിനെ വില്‍ക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി 55 അംഗ രാജ്യങ്ങളുടെ പിന്തുണയോടെ യുവേഫ ഫിഫയ്ക്ക് കത്തയച്ചിട്ടുണ്ട്.

ലോകകപ്പും മറ്റുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും നടത്തുന്നതിന് വേണ്ടി 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ ഉപ കമ്പനി രൂപീകരിക്കുമെന്നും ഇതിന്റെ 20% ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്ക് നല്‍കുമെന്നുമായിരുന്നു ഫിഫ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് യുവേഫ യോഗം ചേര്‍ന്നുകൊണ്ട് കടുത്ത തീരുമാനത്തിലെത്തിയിരിക്കുന്നത്.

ഈ നിര്‍ദേശങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കണമെന്നാണ് യുവേഫ ഫിഫയോട് അറിയിച്ചത്. ഫുട്‌ബോള്‍ ലോകകപ്പ് എന്നത് വെറുമൊരു നിക്ഷേപ ഉല്‍പ്പന്നമല്ലെന്ന് വ്യക്തമാക്കിയ യുവേഫ അത് ഫുട്‌ബോളിന്റെ ഏറ്റവും മഹത്തായ പാരമ്പര്യങ്ങളില്‍ ഒന്നാണെന്നും ഓര്‍മിപ്പിച്ചു.

ഓരോ വന്‍കരകളിലുമുള്ള താരങ്ങളും ദേശീയ ടീമുകളും ആരാധകരും ചേര്‍ന്ന് തലമുറകളിലൂടെ പടുത്തുയര്‍ത്തിയതാണ് ലോകകപ്പെന്നും ഇതിന്റെ ഒരു ഭാഗം പോലും സ്വകാര്യ നിക്ഷേപകര്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും യുവേഫ വ്യക്തമാക്കി.

2027 വനിതാ ലോകകപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് ഫിഫയുടെ മുന്നില്‍ ഈ കനത്ത വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. 2026 ഒക്ടോബറില്‍ അണ്ടര്‍ 15 ലോകകപ്പ് നടത്താനും ഫിഫ ആലോചിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് അണ്ടര്‍ 15 ലോകകപ്പ് ഒരുങ്ങുന്നത്. എന്നാല്‍ യുവേഫയുടെ ബഹിഷ്‌കരണ പ്രഖ്യാപനം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Content Highlight: UEFA prepares to boycott FIFA competitions, including the World Cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more