| Monday, 9th June 2025, 7:11 am

യുവേഫ നേഷന്‍സ് കിരീടം സ്വന്തമാക്കി പറങ്കിപ്പട; റോണോയും സംഘവും തിരുത്തിയത് ലീഗിന്റെ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി പോര്‍ച്ചുഗല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ 5-3ന് പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും തങ്ങളുടെ രണ്ടാം കിരീടത്തില്‍ മുത്തമിട്ടത്. അലൈന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടി സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റിയിലേക്ക് കടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ റോണോയും സംഘവും ലീഡ് നേടുകയായിരുന്നു.

നിര്‍ണായക ഘട്ടത്തില്‍ റൊണാള്‍ഡോയുടെ ഗോളും പോര്‍ച്ചുഗലിന്റെ ഗോളി ടിയാഗോ കോസ്റ്റയുടെ മിന്നും പ്രകടനവുമാണ് പോര്‍ച്ചുഗലിനെ കിരീടത്തിലെത്തിച്ചത്. മുന്‍ ചാമ്പ്യന്‍മാരെ പരാജയപ്പെടുത്തി യുവേഫ നേഷന്‍സ് ലീഗിലെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്കും സംഘത്തിനും സാധിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ രണ്ട് യുവേഫ നാഷന്‍സ് സ്വന്തമാക്കുന്ന ടീമായി മാറാനാണ് പോര്‍ച്ചുഗലിന് സാധിച്ചത്.

മത്സരത്തില്‍ പറങ്കിപ്പടക്കെതിരെ ആദ്യം നിറയൊഴിച്ചത് സ്‌പെയിനിന്റെ മാര്‍ട്ടിന്‍ സുബിമെണ്ടിയായിരുന്നു. 21ാം മിനിട്ടിലാണ് മാര്‍ട്ടിന്‍ എതിരാളികളുടെ വലകുലുക്കിയത്. എന്നാല്‍ ഏറെ വൈകാതെ 26ാം മിനിട്ടില്‍ സ്‌പെയിനിന്റെ വല കുലുക്കി ന്യൂനോ മെണ്ടെസ് തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പേ സ്‌പെയിനിന്റെ മൈക്കല്‍ ഒയാര്‍സബല്‍ പോര്‍ച്ചുഗലിനെതിരെ വീണ്ടും പ്രഹരം ഏല്‍പ്പിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ ആദ്യ പകുതിയില്‍ ലീഡ് നേടിയപ്പോള്‍ ആവേശം നിറഞ്ഞ രണ്ടാം പകുതിക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും പ്രതീക്ഷിച്ച ഗോള്‍ 61ാം മിനിട്ടില്‍ സ്‌പെയിനിന്റെ വല തുളച്ചു കയറി.

എന്നാല്‍ തിരിച്ചടിക്കാന്‍ പലതവണ സ്‌പെയിനിന്റെ മുന്‍നിര ശക്തികള്‍ ശ്രമിച്ചപ്പോള്‍ ശക്തമായ ഡിഫന്‍ഡിങ് മികവ് പോര്‍ച്ചുഗലിന് തുണയായി. ഒരു ഗോളിന്റെ ലീഡിനു വേണ്ടി ശ്രമിച്ചെങ്കിലും പോര്‍ച്ചുഗലും അവസാന സമയത്ത് നിരാശപ്പെട്ടു. തുടര്‍ന്ന് സമനില വഴങ്ങിയ ശേഷം ആവേശം നിറഞ്ഞ പെനാല്‍റ്റിയിലേക്ക് കടക്കുകയായിരുന്നു ഇരുവരും.

ആദ്യം കിക്ക് എടുത്ത പോര്‍ച്ചുഗലിന്റെ ഒമ്പതാം നമ്പര്‍ താരം ഗോണ്‍സാലോ റാമോസ് കൃത്യമായി എതിരാളികളുടെ വല ലക്ഷ്യം വെച്ചു. സ്‌പെയിനിനുവേണ്ടി മൈക്കെലും വലകുലുക്കി. ശേഷം വിറ്റിഞ്ഞ പോര്‍ച്ചുഗലിനെയും അലക്‌സ് ബെന സ്‌പെയിനിനെയും ലക്ഷ്യത്തിലെത്തിച്ചു.

ശേഷം ബ്രൂണോ ഫര്‍ണാണ്ടസും ഇസ്‌കോയും വലകുലുക്കി. ന്യൂനോ മെന്‍ഡസ് നാലാം ഗോളും പോര്‍ച്ചുഗലിന് വേണ്ടി നേടിയപ്പോള്‍ സ്‌പെയിനിന് വേണ്ടി നാലാം കിക്ക് എടുത്ത അല്‍ വാരോ മൊറാട്ടയ്ക്ക് ഉന്നം പിഴച്ചു. പോര്‍ച്ചുഗലിന്റെ വലകാത്ത ടിയാഗോ കോസ്റ്റ എതിരാളിയുടെ ലക്ഷ്യം തടഞ്ഞു. പിന്നീട് പറങ്കിപ്പടയുടെ റൂബന്‍ നസും എതിരാളികളുടെ വലകുലുക്കിയതോടെ രണ്ടാം നാഷണല്‍ കിരീടം ചൂടാന്‍ പോര്‍ച്ചുഗലിന് സാധിച്ചു.

Content Highlight: UEFA Nations League: Portugal wins UEFA Nations League title

We use cookies to give you the best possible experience. Learn more