യുവേഫ നേഷന്‍സ് ലീഗില്‍ കിരീടപ്പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിന് ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയ്‌നിനെ നേരിടും.
ജൂണ്‍ എട്ടിന് ഇന്ത്യന്‍ സമയം വെെകീട്ട് 6.30നാണ് ടൂര്‍ണമെന്റിന്റെ ലൂസേഴ്‌സ് ഫൈനല്‍. രണ്ട് സെമി ഫൈനലിലും പരാജയപ്പെട്ട ടീമുകളും മൂന്നാം സ്ഥാനത്തിനായി ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടും. എം.എച്ച്.പി അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ജര്‍മനി ഫ്രാന്‍സിനെ നേരിടും.
നേഷന്‍സ് ലീഗിന്റെ ആദ്യ സെമിയില്‍ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടാണ് ജര്‍മനി തങ്ങളുടെ കിരീടമോഹങ്ങള്‍ അടിയറവ് വെച്ചത്. അലയന്‍സ് അരീനിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജര്‍മനി പരാജയപ്പെട്ടത്.
ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് രണ്ട് ഗോള്‍ വഴങ്ങി ജര്‍മനി പുറത്തായത്. പോര്‍ച്ചുഗലിനായി ഫ്രാന്‍സിസ്‌കോ കോര്‍സായോയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗോള്‍ കണ്ടെത്തിയപ്പോള്‍ ഫ്‌ളോറിയാന്‍ വിര്‍ട്‌സാണ് ജര്‍മനിയുടെ ആശ്വാസ ഗോള്‍ നേടിയത്.
ഗോള്‍ മഴ പെയ്ത രണ്ടാം സെമിയില്‍ ഒറ്റ ഗോള്‍ വ്യത്യാസത്തിനാണ് ഫ്രാന്‍സും തോല്‍വി വഴങ്ങിയത്. നാലിനെതിരെ അഞ്ച് ഗോളിനാണ് ഫ്രാന്‍സ് തോല്‍വി വഴങ്ങിയത്.
സ്‌പെയ്‌നിനായി ലാമിന്‍ യമാല്‍ ഇരട്ട ഗോളും നിക്കോ വില്യംസ്, മൈക് മെറിനോ, പെഡ്രി എന്നിവര്‍ ഓരോ ഗോളും കണ്ടെത്തി. കിലിയന്‍ എംബാപ്പെ, റയാന്‍ ചെര്‍കി, കോലോ മുവാനി എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡാനി വിവിയന്റെ സെല്‍ഫ് ഗോളും ഫ്രാന്‍സിന്റെ അക്കൗണ്ടിലെത്തി.
ഇതോടെ ലാമിന്‍ യമാലിന് മുമ്പില്‍ എംബാപ്പെയുടെ തോല്‍വി തുടരുകയാണ്. യുവേഫ യൂറോ സെമി ഫൈനലിലും റയല്‍-ബാഴ്‌സ പോരാട്ടങ്ങളിലും എംബാപ്പെക്ക് യമാലിന്റെ മുമ്പില്‍ അടി തെറ്റി.
അതേസമയം, ലൂസേഴ്‌സ് ഫൈനല്‍ വിജയിച്ച് പരാജയഭാരമില്ലാതെ ടൂര്‍ണമെന്റിനോട് വിട പറയാനാകും ഫ്രാന്‍സും ജര്‍മനിയും ഒരുങ്ങുന്നത്. മുന്‍ ലോക ചാമ്പ്യന്‍മാരായ രണ്ട് ടീമുകള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ കൊണ്ടും കൊടുത്തും വാശിയോടെ മുന്നേറുന്ന ഒരു മാച്ച് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: UEFA Nations League: France will face Germany in losers’ final