| Thursday, 1st October 2026, 6:24 pm

റൊണാള്‍ഡോയും പോര്‍ച്ചുഗലും ഇനി രണ്ട് വഴിക്ക്? ഏഴാം നമ്പര്‍ മറ്റൊരു താരത്തിന് നല്‍കി ടീം

ആദർശ് എം.കെ.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നിനാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്.

പോര്‍ച്ചുഗീസ് ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് ജീസസുമായി ഉണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടിരുന്നു. ഇതിന് പിന്നാലെ, പതിറ്റാണ്ടുകളായി ക്രിസ്റ്റ്യാനോ അണിഞ്ഞിരുന്ന ഐക്കോണിക് No. 7 ജേഴ്‌സി പോര്‍ച്ചുഗല്‍ മറ്റൊരു താരത്തിന് കൈമാറിയിരിക്കുകയാണ്.

യുവേഫ നേഷന്‍സ് ലീഗില്‍ നോര്‍വേയ്‌ക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1 ന് ജയിച്ചെങ്കിലും 41കാരനായ റൊണാള്‍ഡോയെ പകരക്കാരുടെ നിരയിലുണ്ടായിട്ടും കളത്തിലിറക്കിയിരുന്നില്ല. 2008ന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ സ്‌ക്വാഡിലുണ്ടായിട്ടും ബെഞ്ചില്‍ മാത്രമായി ഒതുങ്ങുന്നത്.

ഡെന്‍മാര്‍ക്കിനെതിരായ അടുത്ത മത്സരത്തിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകന്‍ ലംഘിച്ചു എന്ന അമര്‍ഷത്തിലാണ് റൊണാള്‍ഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും ബുധനാഴ്ച പ്രൈവറ്റ് ജെറ്റില്‍ മാഡ്രിഡിലേക്ക് മടങ്ങിയതും .

തന്റെ പിന്മാറ്റത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വൈകാതെ വെളിപ്പെടുത്തുമെന്ന് റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായും പരിശീലകനുമായും സംസാരിച്ച ശേഷമാണ് ഈ തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റ്യാനോ ക്യാമ്പ് വിട്ട് മണിക്കൂറുകള്‍ക്കകം തന്നെ യുവേഫ പുറത്തുവിട്ട ഔദ്യോഗിക ടീം ലിസ്റ്റില്‍ പോര്‍ച്ചുഗലിന്റെ ഏഴാം നമ്പര്‍ ജേഴ്‌സി റാഫേല്‍ ലെയാവോയ്ക്ക് (Rafael Leão) നല്‍കിയതായി സ്ഥിരീകരിച്ചു.

ഇതുവരെ 17ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞിരുന്ന ലെയാവോ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയിലാകും കളത്തിലിറങ്ങുക.

ലെയാവോയുടെ പഴയ 17ാം നമ്പര്‍ ജേഴ്‌സി ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ഫാബിയോ സില്‍വയ്ക്ക് കൈമാറി.

2008ല്‍ ലൂയിസ് ഫിഗോയില്‍ നിന്ന് റൊണാള്‍ഡോ ഏറ്റെടുത്ത ഏഴാം നമ്പര്‍ ജേഴ്‌സി, ‘CR7’ എന്ന ബ്രാന്‍ഡിലൂടെ ആഗോള തലത്തില്‍ ഫുട്‌ബോളിന്റെ അടയാളമായി മാറിയിരുന്നു.

പോര്‍ച്ചുഗലിനായി 234 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടി റെക്കോഡിട്ട താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 1000 ഗോളുകള്‍ തികയ്ക്കുക എന്ന ലക്ഷ്യവും 2028ലെ യൂറോ കപ്പില്‍ കളിക്കുക എന്ന ആഗ്രഹവും റൊണാള്‍ഡോയ്ക്കുണ്ടായിരുന്നെങ്കിലും, പുതിയ സംഭവവികാസങ്ങളോടെ റൊണാള്‍ഡോ ഇനി പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ തിരികെയെത്തുമോ എന്നത് വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്.

Content  highlight: UEFA confirm Rafael Leão has been listed as Portugal No7 for the next two games following Cristiano leaving.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more