| Thursday, 10th September 2026, 9:00 am

'സ്രാവ് കടിച്ച് ബ്രാറ്റിസ്ലാവ മരിച്ചു'; കൊമ്പന്‍ സ്രാവിന്റെ ഹാട്രിക്കില്‍ വമ്പോടെ തുടങ്ങി ചാമ്പ്യന്‍മാര്‍

ആദർശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തോടെ ക്യാമ്പെയ്ന്‍ ആരംഭിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍. സ്ലോവാക്യന്‍ സൂപ്പര്‍ ടീമായ എസ്.കെ സ്ലോവാന്‍ ബ്രാറ്റിസ്ലാവയ്‌ക്കെതിരെയാണ് പി.എസ്.ജിയുടെ വിജയം. ഫെറാന്‍ ടോറസിന്റെ ഹാട്രിക് കരുത്തില്‍ ഒന്നിനെതിരെ ആറ് ഗോളിനാണ് പി.എസ്.ജി വിജയിച്ചത്.

സ്വന്തം തട്ടകമായ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനാണ് പരിശീലകന്‍ ലൂയീസ് എന്‌റിക്വ് അവലംബിച്ചത്. മറുവശത്ത് ബ്രാറ്റിസ്ലാവയും സമാന ശൈലിയില്‍ കളത്തിലിറങ്ങി.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ ഒസ്മാനെ ഡെംബലെയിലൂടെയാണ് പി.എസ്.ജി അക്കൗണ്ട് തുറന്നത്. ആദ്യ ഗോള്‍ പിറന്ന് ആറാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടിയ ഡെംബലെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ലീഡ് രണ്ടായി ഉയര്‍ത്തി.

മത്സരത്തിന്റെ 31ാം മിനിട്ടിലാണ് ഫെറാന്‍ ടോറസ് മത്സരത്തിലെ തന്റെ ആദ്യ ഗോളും പി.എസ്.ജിയുടെ മൂന്നാം ഗോളും നേടിയത്. ആദ്യ രണ്ട് ഗോള്‍ നേടിയ ഡെംബലെയാണ് ടോറസിന്റെ ഗോളിന് വഴിയൊരുക്കിയത്.

ഇതോടെ മൂന്ന് ഗോളിന്റെ ആധിപത്യവുമായി പി.എസ്.ജി ആദ്യ പകുതി അവസാനിപ്പിച്ചു.

ഫെറാന്‍ ടോറസിന്റെ ഗോളോടെയാണ് മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിച്ചത്. 47ാം മിനിട്ടില്‍ മാഗ്നസ് അക്ലിയോഷെ ഒരുക്കി നല്‍കിയ അവസരം പിഴവേതും കൂടാതെ ടോറസ് വലയിലെത്തിച്ചു.

ബ്രേസ് പൂര്‍ത്തിയാക്കി പത്താം മിനിട്ടില്‍ തന്നെ ടോറസ് ഹാട്രിക്കും പൂര്‍ത്തിയാക്കി. സ്പാനിഷ് വേള്‍ഡ് കപ്പ് ഹീറോയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയ ഡെംബലെയാണ് ഹാട്രിക് ഗോളിനും വഴിയൊരുക്കിയത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ യു.സി.എല്‍ ഹാട്രിക്കുമായി ഫെറാന്‍ ടോറസ് അക്ഷരാര്‍ത്ഥത്തില്‍ പി.എസ്.ജിയുടെ ഗോള്‍ഡന്‍ ഷാര്‍ക്കായി മാറുകയായിരുന്നു.

59ാം മിനിട്ടിലാണ് ബ്രാറ്റിസ്ലാവ മത്സരത്തിലെ ആശ്വാസ ഗോള്‍ നേടിയത്. ടിഗ്രന്‍ ബര്‍സെഗ്യാന്റെ അസിസ്റ്റില്‍ സുലൈമാന്‍ കമാറയാണ് ഗോള്‍ നേടിയത്.

തുടര്‍ന്ന് ഇരു ടീമുകളും കാര്യമായ മാറ്റങ്ങളും വരുത്തിയിരുന്നു.

നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ഫാബിയാന്‍ റൂയീസ് ഹോം ടീമിന്റെ ലീഡ് വീണ്ടും അഞ്ചായി ഉയര്‍ത്തുകയായിരുന്നു. ഡ്രോ ഫെര്‍ണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പി.എസ്.ജി 6-1ന് വിജയം സ്വന്തമാക്കി.

ഫ്രഞ്ച് ലീഗില്‍ മൂന്ന് മത്സരത്തിനിപ്പുറവും ആദ്യ വിജയം നേടാന്‍ സാധിക്കാതെ പതറുമ്പോഴാണ് യു.സി.എല്ലില്‍ പടുകൂറ്റന്‍ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്. ലീഗ് വണ്‍ സ്റ്റാന്‍ഡിങ്‌സില്‍ 13ാം സ്ഥാനത്ത് നില്‍ക്കുന്ന പി.എസ്.ജി ആദ്യ മത്സരത്തിന് പിന്നാലെ യു.സി.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് പി.എസ്.ജിക്ക് ഇനി നേരിടാനുള്ളത്. ഒക്ടോബര്‍ 15ന് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം. പോര്‍ച്ചുഗീസ് വമ്പന്‍മാരായ പോര്‍ട്ടോയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആവേശമുള്‍ക്കൊണ്ടാകും സിറ്റി യു.സി.എല്ലില്‍ തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങുക.

Content Highlight: UEFA Champions League: PSG wins with a hat-trick from Ferran Torres.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more