| Wednesday, 25th February 2026, 8:55 am

71 വര്‍ഷത്തിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രം!! കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളെ നാണംകെടുത്തി ഗ്ലിംറ്റ്

ആദർശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാനെ തകര്‍ത്ത് റൗണ്ട് ഓഫ് സിക്സ്റ്റിന് യോഗ്യത നേടി നോര്‍വീജിയന്‍ സൂപ്പര്‍ ടീം ബോഡോ ഗ്ലിംറ്റ്. മത്സരത്തിന്റെ രണ്ട് പാദങ്ങളിലുമായി 2-5 എന്ന അഗ്രഗേറ്റ് സ്‌കോറിലാണ് ഗ്ലിംറ്റിന്റെ വിജയം.

ബോഡോ ഗ്ലിംറ്റിന്റെ ഹോം ഗ്രൗണ്ടായ ആസ്പ്‌മൈറ സ്റ്റേഡിയനില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ 3-1ന്റെ വിജയം നേടിയ മഞ്ഞപ്പട, ഇന്ററിന്റെ തട്ടകമായ സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ 2-1ന്റെ വിജയവുമായാണ് കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

ബോഡോ ഗ്ലിംറ്റിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ എന്‍ട്രിക്കും പ്രത്യേകതകളേറെയാണ്. യു.സി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ഒരു നോര്‍വീജിയന്‍ ടീം യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ പ്രവേശിക്കുന്നത്. 1996/97 സീസണില്‍ റോസന്‍ബോര്‍ഗ് ബോള്‍ക്ലബ്ബാണ് (Rosenborg Ballklubb) ഈ നേട്ടത്തിലെത്തിയ ആദ്യ നോര്‍വീജിയന്‍ ടീം.

റോസന്‍ബോര്‍ഗ്

ഇന്ന് സാന്‍ സിറോയില്‍ നടന്ന മത്സരത്തില്‍ 3-5-2 എന്ന ഫോര്‍മേഷനിലാണ് ഇന്റര്‍ മിലാന്‍ ബോസ് ക്രിസ്റ്റിയന്‍ ചിവു തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് ഗ്ലിംറ്റ് പരിശീലകന്‍ കെ. നട്ട്‌സണ്‍ 4-3-3 എന്ന രീതിയും അവലംബിച്ചു.

സ്വന്തം തട്ടകത്തില്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചെങ്കില്‍ മാത്രമേ ഇന്ററിന് അടുത്ത റൗണ്ടില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുവെന്നിരിക്കെ 2-1ന് ടീം വീണ്ടും പരാജയമറിഞ്ഞു.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. 58ാം മിനിട്ടില്‍ ജെന്‍സ് പീറ്റര്‍ ഹേഗാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. ഇതോടെ ഗ്ലിംറ്റ് മുമ്പിലെത്തി.

72ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ പീറ്റര്‍ ഹേഗിന്റെ അസിസ്റ്റില്‍ ബോഡോ ഗ്ലിംറ്റ് ലീഡ് ഇരട്ടിയാക്കി. ഹേകോണ്‍ എവ്ജനാണ് വലകുലുക്കിയത്.

76ാം മിനിട്ടില്‍ അലസാണ്‍ഡ്രോ ബാസ്‌റ്റോണിയാണ് ഇന്ററിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മൂന്ന് ഗോളിന്റെ അഗ്രഗേറ്റ് ലീഡുമായി നോര്‍വീജിയന്‍ ടീം നോക്ക്ഔട്ടിന് യോഗ്യതയുറപ്പിച്ചു.

Content Highlight: UEFA Champions League: Bodo Glimt defeated Inter Milan

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more