അബ്‌സല്യൂട്ട് സിനിമ, അതായിരുന്നു യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ മാച്ച് ഡേ 8. റയല്‍ മാഡ്രിഡ് ടോപ്പ് 8ല്‍ നിന്നും പുറത്തായതും ചിര വൈരികളായ ബാഴ്‌സലോണ ടോപ്പ് 8ലെത്തിയതും യു.സി.എല്ലിലെ പ്രധാന കാഴ്ചകളിലൊന്നായി.
പോര്‍ച്ചുഗീസ് സൂപ്പര്‍ ടീം ബെന്‍ഫിക്കയോടായിരുന്നു റയലിന്റെ തോല്‍വി. ലിസ്ബണില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ഹോം ടീം 15 തവണ യു.സി.എല്‍ സ്വന്തമാക്കിയ സൂപ്പര്‍ ടീമിനെ തോല്‍പ്പിച്ചുവിട്ടത്.
ഈ തോല്‍വിയോടെ റയല്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ ബെന്‍ഫിക്ക 24ാം സ്ഥാനത്തേക്കും ഒപ്പം പ്ലേ ഓഫ് നോക്ക്ഔട്ടിനും യോഗ്യത നേടി. 25ാം സ്ഥാനത്തുള്ള ലീഗ് വണ്‍ സൂപ്പര്‍ ടീം മാഴ്‌സെയേക്കാള്‍ ഒറ്റ ഗോള്‍ വ്യത്യാസത്തിലാണ് ബെന്‍ഫിക്ക മുമ്പോട്ട് കുതിച്ചത്.
റയലിനെതിരെ മത്സരത്തിന്റെ 90ാം മിനിട്ടുവരെ 3-2 എന്ന നിലയില്‍ ബെന്‍ഫിക്ക ജയിച്ചുനില്‍ക്കുകയായിരുന്നു. എങ്കിലും ടോപ്പ് 24ല്‍ ഇടം പിടിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഗോള്‍ ഡിഫ്രന്‍സും (-3) പോയിന്റും (9) ആ നിമിഷം തുല്യമായിരുന്നെങ്കിലും അടിച്ച ഗോളിന്റെ കണക്കില്‍ മാഴ്‌സെയായിരുന്നു മുന്നിട്ടുനിന്നത്.
മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കവെയാണ് ബെന്‍ഫിക്കയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നത്. ഈ അവസരം ഗോളാക്കി മാറ്റാന്‍ സാധിച്ചാല്‍ പോര്‍ച്ചുഗീസ് ടീമിന് 24ാം സ്ഥാനക്കാരായി മുമ്പോട്ട് കുതിക്കാന്‍ അവസരമൊരുങ്ങും.
ഈ ഷോട്ട് ഗോളാക്കി മാറ്റാന്‍ എന്ത് വിലയും കൊടുക്കുക, അതായിരുന്നു പരിശീലകന്‍ ഹോസെ മൗറീന്യോയുടെ മെന്റാലിറ്റി. ഇതിനായി ഗോള്‍ കീപ്പര്‍ അനറ്റോലി ട്രൂബിനെ വരെ മൗറീന്യോ ആക്രമണത്തിന് സജ്ജനാക്കി റയല്‍ ഗോള്‍ മുഖത്തിന് മുമ്പില്‍ അണിനിരത്തി.
ആ തന്ത്രം പാളിയില്ല. ഓര്‍സ്‌നെസ് തൊടുത്ത ഷോട്ടില്‍ ഡൈവ് ചെയ്ത് തലവെച്ച ട്രൂബിന്‍ കോര്‍ട്വായെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ബെന്‍ഫിക്ക യഥാര്‍ത്ഥത്തില്‍ വിജയിച്ചത് 90+8ാം മിനിട്ടിലെ ഈ ഗോളോടെയാണ്.
ഈ ഗോളിന് പിന്നാലെ മാഴ്‌സെയ്‌ക്കെതിരായ ഗോള്‍ വ്യത്യാസം -2 ആയതോടെയാണ് ബെന്‍ഫിക്ക മുമ്പോട്ട് കുതിച്ചത്.
മത്സരത്തില്‍ ആന്ദ്രേ ഷെല്‍ഡറപ്പ് ബെന്‍ഫിക്കയ്ക്കായി ഇരട്ട ഗോള്‍ കണ്ടെത്തി. 36, 54 മിനിട്ടുകളിലായിരുന്നു താരം വലകുലുക്കിയത്. വാഞ്ചലിസ് പാവ്‌ലിഡിസ് ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ പെനാല്‍ട്ടിയിലൂടെയും ട്രൂബിന്‍ രണ്ടാം പകുതിയുടെ ആഡ് ഓണ്‍ ടൈമിലും ഗോള്‍ കണ്ടെത്തി.
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് റയലിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
റൗണ്ട് ഓഫ് സിക്‌സറ്റീനിന് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍ (പോയിന്റ് പട്ടികയിലെ ഒന്ന് മുതല്‍ എട്ട് വരെ സ്ഥാനക്കാര്‍)
ആഴ്‌സണല്‍, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, ബാഴ്‌സലോണ, ചെല്‍സി, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ സിറ്റി.
നോക്ക്ഔട്ട് പ്ലേ ഓഫിന് യോഗ്യത നേടിയ ടീമുകള്‍ (പോയിന്റ് പട്ടികയിലെ ഒമ്പത് മുതല്‍ 24 വരെ സ്ഥാനക്കാര്‍)
റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, പി.എസ്.ജി, ന്യൂകാസില്‍ യുണൈറ്റഡ്, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, അറ്റ്‌ലാന്റ, ബയേര്‍ ലെവര്‍കൂസന്‍, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഒളിമ്പിയാക്കോസ്, ഗളറ്റാസരേ, മൊണാക്കോ, ഖരാബാഗ്, ബോഡോ ഗ്ലിംറ്റ്, ബെന്‍ഫിക്ക.
റൗണ്ട് ഓഫ് സിക്സ്റ്റീനിലെ ശേഷിക്കുന്ന എട്ട് സ്ലോട്ടുകള്‍ക്കായി ഈ 16 ടീമുകള്‍ രണ്ട് പാദങ്ങളുടെ പ്ലേ ഓഫ് കളിക്കും.
പുറത്തായ ടീമുകള്‍ (പോയിന്റ് പട്ടികയിലെ 25 മുതല്‍ 36 വരെ സ്ഥാനക്കാര്‍)
മാഴ്‌സെ, പാഫോസ്, യൂണിയന്‍ സെന്റ് ഗില്ലോസ്, പി.എസ്.വി, അത്‌ലറ്റിക്കോ ബില്‍ബാവോ, നാപ്പോളി, കോപ്പന്‍ഹേഗന്‍, അയാക്‌സ്, എന്‌റിക്ട് ഫ്രാങ്ക്‌ഫോര്‍ട്ട്, സ്ലാവിയ പ്രാഹ, വിയ്യാറയല്‍, കൈരറ്റ് അല്‍മാറ്റി.
Content Highlight: UEFA Champions League: Benfica advances to Top 24