| Wednesday, 7th May 2025, 1:09 pm

ഒറ്റ ഗോളുമായി റഫീന്യ ഐതിഹാസിക നേട്ടത്തില്‍; ഇനി റൊണാള്‍ഡോക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്സലോണയ്ക്ക് തോല്‍വി. ഇന്റര്‍ മിലാനോട് 4-3ന്റെ തോല്‍വിയാണ് കാറ്റാലന്‍മാര്‍ വഴങ്ങിയത്. ഇതോടെ ഇന്റര്‍ മിലാന്‍ ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു.

നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി സമനിലയിലായിരുന്നു. അധിക സമയത്ത് നേടിയ ഗോളിലാണ് ഇന്റര്‍ ജയിച്ചു കയറിയത്. ലൗട്ടാരോ മാര്‍ട്ടിനെസ്, ഹകാന്‍ കാല്‍ഹാനോഗ്ലു, ഫ്രാന്‍സെസ്‌കോ അസെര്‍ബി, ഡേവിഡ് ഫ്രറ്റേസി എന്നിവരാണ് ഇന്ററിന് വേണ്ടി ഗോള്‍ നേടിയത്.

എറിക് ഗാര്‍ഷ്യ, ഡാനി ഓല്‍മോ, റഫീന്യ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 87ാം
മിനിറ്റിലാണ് റഫീന്യ ബാഴ്‌സക്കായി ഗോള്‍ നേടിയത്. ഇതിന് പിന്നാലെ ഒരു നേട്ടവും താരത്തിന് സ്വന്തമാക്കാനായി.

ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്ട്രിബൂഷന്‍സ് നടത്തുന്ന താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടത്തിനൊപ്പമെത്താനാണ് താരത്തിന് സാധിച്ചത്. ഇന്ററിനെതിരെ നേടിയ ഗോളിലൂടെ 2024-25 സീസണില്‍ 21 ഗോള്‍ കോണ്ട്രിബൂഷന്‍സ് നടത്താന്‍ താരത്തിനായി.

2013-14 സീസണില്‍ റയല്‍ മാഡ്രിഡ് താരമായിരിക്കുമ്പോളാണ് റൊണാള്‍ഡോ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്ട്രിബൂഷന്‍സ് എന്ന തകര്‍പ്പന്‍ നേട്ടം സ്ഥാപിച്ചത്. സീസണിലുടനീളം 17 ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് താരം ഈ നേട്ടത്തിലെത്തിയിരുന്നത്.

ഇപ്പോള്‍, ഒരു പതിറ്റാണ്ടിനുശേഷമാണ് മറ്റൊരു താരം ചാമ്പ്യന്‍സ് ലീഗയില്‍ ഈ നേട്ടത്തിനൊപ്പമെത്തുന്നത്. ഈ സീസണില്‍ യൂറോപ്പിലുടനീളം ബാഴ്സലോണയുടെ മുന്നേറ്റത്തില്‍ മിന്നും പ്രകടനമാണ് റഫീന്യ നടത്തി കൊണ്ടിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളും എട്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

കൂടാതെ, എല്ലാ ലീഗുകളിലുമായി 31 ഗോളുകളും 25 അസിസ്റ്റുകളും റഫീന്യ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ബാര്‍സലോണക്കായി 52 മത്സരങ്ങളില്‍ ഇറങ്ങിയതാണ് താരം ഈ പ്രകടനം പുറത്തെടുത്തത്.

Content Highlight: UEFA Champions League: Barcelona Forward Raphinha equals Cristiano Ronaldo’s ever time record in UCL

We use cookies to give you the best possible experience. Learn more