‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി നടൻ മാത്യു തോമസ്. മാത്യു തോമസിനെയും ശ്രീനാഥ് ഭാസിയെയും നായകന്മാരാക്കികൊണ്ടുള്ള ഏറ്റവും പുതിയ ചിത്രമായ ‘ഉടുമ്പൻചോല വിഷൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തോക്കുമായി എത്തുന്ന മാത്യുവിന്റെ മാസ് രംഗങ്ങളാണ് ട്രെയിലറിലെ പ്രധാന ആകർഷണം. ചിത്രം ഒരു കംപ്ലീറ്റ് മാസ് എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
നവാഗത സംവിധായകനും നടനുമായ സലാം ബുഖാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ട്രാൻസ്’, ‘ഇയ്യോബിന്റെ പുസ്തകം’ തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാത്യു തോമസിനൊപ്പം ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, മിലിന്ദ് സോമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉടുമ്പൻചോല വിഷൻ. Photo. Screen Grab/ Youtube
എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീർ, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറും സുഹൈൽ കോയയുമാണ് ഗാനരചയിതാക്കൾ.
ട്രെയിലറിൽ കൂടുതലായും കാണാനാകുന്നത് മാത്യു തോമസിനെയാണ്. തോക്കുമായി എത്തുന്ന താരത്തിന്റെ രംഗങ്ങൾ ആരാധകരിൽ ആകാംക്ഷയുണ്ടാക്കുന്നുണ്ട്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു അവതാരത്തിലാണോ മാത്യു എത്തുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നു. ചിത്രത്തിൽ ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയനായ താരം മിലിന്ദ് സോമനും പ്രധാന വേഷത്തിലുണ്ട് എന്നുള്ളതും പ്രതേകതയാണ്.
ഉടുമ്പൻചോല വിഷൻ. Photo. Screen Grab/ Youtube
‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണം നേടിയ മാത്യു തോമസിന്റെ പുതിയ ചിത്രമെന്ന നിലയിലും ‘ഉടുമ്പൻചോല വിഷൻ’ ശ്രദ്ധ നേടുന്നുണ്ട്. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും.
Content Highlight: ‘Udumbanchola Vision’ trailer released.