| Monday, 30th March 2026, 10:40 pm

തമിഴ്‌നാട് ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങില്ല എന്ന് തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ്; പോരാട്ടത്തിന് തുടക്കമിട്ട് ഉദയനിധി

ആദർശ് എം.കെ.

കാഞ്ചീപുരം: ബി.ജെ.പിക്ക് മുമ്പില്‍ കീഴടങ്ങില്ല എന്ന് തെളിയിക്കാനും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയെ രാഷ്ട്രീയമായി പുറത്താക്കാനുമുള്ള പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.

കാഞ്ചീപുരത്ത് നടന്ന വന്‍ റാലിയില്‍ സംസാരിക്കവെയായിരുന്നു ഉദയനിധി ബി.ജെ.പിക്കെതിരെയും അണ്ണാ ഡി.എം.കെയ്‌ക്കെതിരെയും ആഞ്ഞടിച്ചത്.

നരേന്ദ്ര മോദിയുടെ അടിമ എന്ന് വിശേഷിപ്പിച്ചാണ് ഉദയനിധി എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയെ വിമര്‍ശിച്ചത്. പളനിസ്വാമിയുടെ ‘പ്രത്യയശാസ്ത്ര ഉപദേശകര്‍’ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലേക്ക് മോദിയെയും അമിത് ഷായെയും കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ഈ തെരഞ്ഞെടുപ്പിലൂടെ തമിഴ്നാട് എല്ലായ്‌പ്പോഴും ദല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്താണെന്ന് നമ്മള്‍ തെളിയിക്കണം. സംസ്ഥാനത്തെ വഞ്ചിക്കുന്ന ബി.ജെ.പിയെ തമിഴ്നാട് പൂര്‍ണമായും മാറ്റിനിര്‍ത്തണം; ഇത് ചെയ്‌തേ തീരൂ. നമുക്ക് പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും തമിഴ്നാട്ടില്‍ അനുവദിക്കാനാകുമോ?’ ഉദയനിധി ചോദിച്ചു.

ഡി.എം.കെയുടെ ഭരണകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെ കുറിച്ചും ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു.

ഡി.എം.കെ നേതാവും പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ സി.എന്‍. അണ്ണാദുരൈയുടെ ജന്മനാട്ടില്‍ നിന്നും തന്റെ പ്രചാരണം ആരംഭിച്ച ഉദയനിധി, തന്റെ പിതാവും പാര്‍ട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ വാക്കുകളും ഓര്‍മിപ്പിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തമിഴ്‌നാടും ദല്‍ഹിയും തമ്മിലുള്ള പോരാട്ടമാണെന്ന് സ്റ്റാലിന്‍ പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് അധികാരം നേടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ പ്രചരണം ആരംഭിക്കുന്നത്. കരുണാനിധിയുടെ ജന്മനാടായ തിരുവാരൂരില്‍ നിന്നുമാണ് സ്റ്റാലിന്റെ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് സ്റ്റാലിന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഏപ്രില്‍ 23നാണ് തമിഴ്‌നാട് പോളിങ് ബൂത്തിലെത്തുന്നത്. മാര്‍ച്ച് നാലിനാണ് വോട്ടെണ്ണല്‍.

Content Highlight: Udhayanidhi Stalin slams BJP and AIADMK

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more