| Friday, 21st August 2026, 1:51 pm

അഴിമതി ഫയലുകൾ പുറത്തുവിടാൻ വിജയ് സർക്കാരിനെ വെല്ലുവിളിച്ച് ഉദയനിധി; നിയമസഭയിൽ ടി.വി.കെ–ഡി.എം.കെ വാക്പോര്

ശ്രീലക്ഷ്മി പി.പി

ചെന്നൈ: മുൻ ഡി.എം.കെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളെച്ചൊല്ലി തമിഴ്‌നാട് നിയമസഭയിൽ ഭരണകക്ഷിയായ ടി.വി.കെ.യും പ്രതിപക്ഷമായ ഡി.എം.കെ.യും തമ്മിൽ രൂക്ഷമായ വാക്പോര്.

അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഉടൻ പുറത്തുവിട്ട്, തെളിവുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ വെല്ലുവിളിച്ചു.

‘അഴിമതിക്ക് ശക്തമായ തെളിവുകളുണ്ടെങ്കിൽ ഫയലുകൾ ഉടൻ പുറത്തുവിട്ട് നടപടിയെടുക്കണം. ഫയലുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി എന്തിനാണ് മടിക്കുന്നത്? ജ്യോതിഷി തീയതി നിശ്ചയിക്കുന്നതിനായി കാത്തിരിക്കുകയാണോ?’ എന്ന് ഉദയനിധി ചോദിച്ചു.

എന്നാൽ ഉദയനിധിയുടെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി വിജയ് നേരിട്ട് മറുപടി നൽകിയില്ല. തുടർന്ന് തമിഴ്‌നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട്, അഴിമതി ഫയലുകൾ ‘ഉചിതമായ സമയത്ത്’ മുഖ്യമന്ത്രി പുറത്തുവിടുമെന്ന് വ്യക്തമാക്കി.

വിജയിയുടെ നിലപാടിനെ വിമർശിച്ച ഉദയനിധി, നിയമസഭ സിനിമയിലെ സംഭാഷണങ്ങൾ പറയാനുള്ള വേദിയല്ലെന്നും പ്രതികരിച്ചു. ‘സിനിമയിലെ പോലെ പഞ്ച് ഡയലോഗുകൾ നിയമസഭയിൽ പറയരുത്,’ എന്നായിരുന്നു വിജയിയോടുള്ള ഉദയനിധിയുടെ വിമർശനം.

സർക്കാരിന്റെ കൈവശം ആരോപണങ്ങൾ തെളിയിക്കുന്ന മതിയായ തെളിവുകളില്ലാത്തതിനാലാണ് ഫയലുകൾ പുറത്തുവിടാത്തതെന്നും ഉദയനിധി വിമർശിച്ചു.

അതേസമയം, മൂന്ന് സർക്കാർ വകുപ്പുകളിലെ അഴിമതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ ഫയലുകൾ തന്റെ കൈവശമുണ്ടെന്നും, മുൻ ഡി.എം.കെ മന്ത്രിമാരും എം.എൽ.എമാരും തന്നെ ഫയലുകൾ പുറത്തുവിടാൻ നിർബന്ധിക്കരുതെന്നും വിജയ് ബുധനാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഉചിതമായ സമയത്ത്’ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിയമസഭയിൽ ഏറ്റുമുട്ടൽ രൂക്ഷമായത്. ഡി.എം.കെ., ടി.വി.കെ. അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിയമസഭാ നടപടികൾ അൽപസമയം തടസ്സപ്പെട്ടു. പിന്നീട് നടപടികൾ പുനരാരംഭിച്ചു.

Content Highlight:Udhayanidhi Challenges Vijay Government to Release Corruption Files; TVK–DMK Clash Erupts in Tamil Nadu Assembly.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more