| Tuesday, 30th June 2015, 2:46 pm

അരുവിക്കരയില്‍ നികേഷ് കുമാറിന് നേരെ കയ്യേറ്റ ശ്രമം; കോഴിക്കോട് റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിന് നേരെ പടക്കമേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരുവിക്കരയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനെയും ലേഖകന്‍ രതീഷിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വേട്ടെണ്ണല്‍ കേന്ദ്രമായ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്നും പുറത്തുവരുമ്പോഴായിരുന്നു സംഭവം. ഇരുവരെയും കണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു.

അരുവിക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ, സോളാര്‍ കേസ് വിഷയങ്ങളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്വീകരിച്ച നിലപാടാണ് നികേഷ് കുമാറിനോടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുയ്ക്ക് പിന്നില്‍. ഇരു വിഷയങ്ങളിലും വലിയ വെളിപ്പെുത്തലുകളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയത്. സ്ത്രീകളെ വലയിലാക്കുകയും കൈമാറുകയും ചെയ്യുന്ന ഒരു ലോബി തന്നെ മന്ത്രിമാര്‍ക്കിടയിലുണ്ടെന്ന സരിതയുടെ വെളിപ്പെടുത്തലടക്കം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

അരുവിക്കര തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഇന്ന് രാവിലെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ കോഴിക്കോട് ഓഫീസിന് നേരെ പടക്കമെറിയുകയും ചെയ്തു. നേരത്തെ സരിതയുടെ വെളിപ്പെടുത്തല്‍ പുറത്തവിട്ടതിന്റെ വിദ്വേഷത്തില്‍ നികേഷ് കുമാറിനെയും സരിതയെയും ചേര്‍ത്ത് അപവാദ പ്രചരണത്തിനും ചില കോണ്‍ഗ്രസ് അനുകൂലികള്‍ ശ്രമിച്ചിരുന്നു.

We use cookies to give you the best possible experience. Learn more