| Monday, 22nd December 2025, 10:28 am

പിന്തുണച്ച ജനങ്ങളെ ബുദ്ധിമുട്ടിക്കാനില്ല; പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ യു.ഡി.എഫ് പിന്‍വലിച്ചു

രാഗേന്ദു. പി.ആര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ പിന്‍വലിച്ച് യു.ഡി.എഫ്. ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

ലീഗ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് മേഖലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഭവത്തില്‍ അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഇന്നലെ (ഞായര്‍) വൈകുന്നേരമാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു സംഭവം. കല്ലേറില്‍ ലീഗ് ഓഫീസിന്റെ ജനല്‍ ചില്ലുകളും ബോര്‍ഡുകളും തകര്‍ന്നു. പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ആരോപിച്ച് മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ നജീബ് കാന്തപുരം, മുന്‍ മന്ത്രി നാലകത്ത് സൂപ്പി എന്നിവരുടെ നേതൃത്വത്തില്‍ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്ന് (തിങ്കള്‍) രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം വരെയാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.

കടകള്‍ അടച്ചിട്ട് ഹര്‍ത്താലുമായി സഹകരിക്കണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകളെ ബാധിക്കില്ലെന്നും യു.ഡി.എഫ് അറിയിച്ചിരുന്നു.

നേരത്തെ പെരിന്തല്‍മണ്ണയിലെ സി.പി.ഐ.എം ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. ഇതിനുപിന്നില്‍ ലീഗാണെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം. ലീഗിനെതിരെ പ്രതിഷേധിച്ച് സി.പി.ഐ.എമ്മും രംഗത്തെത്തിയിരുന്നു.

അതേസമയം എല്‍.ഡി.എഫിന്റെ കോട്ടയായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ചരിത്ര വിജയമാണ് യു.ഡി.എഫ് നേടിയത്. നഗരസഭയിലെ 37 ഡിവിഷനുകളില്‍ 21 ഇടത്തും യു.ഡി.എഫാണ് വിജയിച്ചത്. പതിനാറ് ഇടങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചത്

1995ലാണ് പെരിന്തല്‍മണ്ണ നഗരസഭ രൂപീകരിച്ചത്. ശേഷം ആദ്യമായാണ് പെരിന്തല്‍മണ്ണ നഗരസഭയില്‍ യു.ഡി.എഫ് ഭരണം പിടിക്കുന്നത്.

Content Highlight: UDF withdraws hartal in Perinthalmanna

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more