ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മകന്‍ യു.ഡി.എഫ് സ്ഥാനാത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന പേരില്‍ സി.പി.ഐ.എം ഭരണസമിതി ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന് ആരോപിച്ച യുവതിക്ക് യു.ഡി.എഫ് ജോലി നല്‍കും.
പിരിച്ചുവിടല്‍ നേരിട്ട നിസ ഷിയാസിന് ജോലി നല്‍കുമെന്ന് തൊടുപുഴ നഗരസഭാധ്യക്ഷ സാബിറ ജലീല്‍, ഉപാധ്യക്ഷന്‍ കെ. ദീപക് എന്നിവര്‍ ഉറപ്പ് നല്‍കി. നിസയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
16 വയസുകാരനായ മകന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി നേരിട്ടതെന്ന് നിസ ഇന്നലെ (വെള്ളി) മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇടുക്കിയിലെ കാരിക്കോട് സഹകരണ ബാങ്കിലാണ് സംഭവം. കഴിഞ്ഞ ആറ് വര്‍ഷമായി കാരിക്കോട് സഹകരണ ബാങ്കില്‍ സ്വീപ്പറായാണ് നിസ ജോലി ചെയ്യുന്നത്.
മാസം 5000 രൂപയാണ് ശമ്പളം. താത്കാലിക ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ട നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ബാങ്കിലെ ജോലി. 11 വര്‍ഷം മുമ്പാണ് നിസയുടെ ഭര്‍ത്താവ് മരിച്ചത്.
തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ മത്സരിച്ച യു.ഡി.എഫിന്റെ വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടിയാണ് നിസയുടെ മകന്‍ പ്രവര്‍ത്തിച്ചത്.
എന്നാല്‍ സി.പി.ഐ.എമ്മിന്റെ സ്വാധീന മേഖലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിഷ്ണു വിജയിച്ചതോടെ പാർട്ടിയ്ക്കുള്ളിൽ അതൃപ്തി ഉണ്ടായി. തുടർന്ന് നിസക്കെതിരെ നടപടിയെടുക്കാന്‍ സി.പി.ഐ.എം ഭരണസമിതി സമ്മര്‍ദത്തിലായെന്നാണ് വിവരം.
നിസക്കെതിരായ നടപടിയില്‍ സി.പി.ഐ.എമ്മിനുള്ളില്‍ ഭിന്നതയുണ്ടെന്നും വിവരമുണ്ട്. നിസയെ പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ പാർട്ടിയിലെ തന്നെ മറ്റൊരു വിഭാഗം രംഗത്തെത്തി.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ പ്രതികരിച്ചിരുന്നു. സി.പി.ഐ.എം അത്രമാത്രം അധപതിച്ചുവെന്നായിരുന്നു വിമര്‍ശനം. പറവൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 സീറ്റുമായാണ് യു.ഡി.എഫ് തൊടുപുഴ നഗരസഭയില്‍ അധികാരം പിടിച്ചത്. എന്‍.ഡി.എ ഒമ്പത് സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് മൂന്ന് സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. ഏഴ് ഡിവിഷനുകളില്‍ സ്വതന്ത്രരും വിജയിച്ചു.
Content Highlight: UDF will provide a job to the woman who accused the CPI(M) of dismissing her