| Saturday, 13th December 2025, 5:48 pm

കേരളം യു.ഡി.എഫിനും മലപ്പുറം ലീഗിനുമൊപ്പവും നിന്നിട്ടും എല്‍.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായി പൊന്നാനി; കൈവിടാത്ത തുരുത്ത്

അനിത സി

പൊന്നാനി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ യു.ഡി.എഫ് തരംഗത്തിലും മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗിന്റെ ആധിപത്യത്തിനിടയിലും എല്‍.ഡി.എഫിന്റെ കോട്ട തകരാതെ കാത്ത് പൊന്നാനി നഗരസഭ.

53 സീറ്റുകളില്‍ 31 എണ്ണവും എല്‍.ഡി.എഫിനൊപ്പം നിന്നു. യു.ഡി.എഫിന് 16 ഡിവിഷനുകളിലും എന്‍.ഡി.എയ്ക്ക് രണ്ട് ഡിവിഷനുകളിലും മറ്റുള്ളവര്‍ നാല് ഡിവിഷനുകളിലുമാണ് വിജയം നേടിയത്. ഇതോടെ പൊന്നാനിയില്‍ ഇടതുപക്ഷത്തിന് ഹാട്രിക് വിജയവും നേടാനായി.

കഴിഞ്ഞതവണ ഭരണം നിലനിര്‍ത്തിയതിനേക്കാളും ഇരട്ടി മധുരം നല്‍കുന്നതാണ് തരംഗത്തിനെതിരായ കാറ്റ് വീശിയ ഇത്തവണത്തെ വിജയം.

മലപ്പുറത്തെ 12 മുന്‍സിപ്പാലിറ്റികളില്‍ പതിനൊന്നും യു.ഡി.എഫാണ് നേടിയത്. കഴിഞ്ഞതവണ എല്‍.ഡി.എഫിനൊപ്പം നിന്ന പെരിന്തല്‍മണ്ണ പോലും ഇത്തവണ യു.ഡി.എഫിന്റെ കൈ പിടിച്ചപ്പോഴും പൊന്നാനി സി.പി.ഐ.എമ്മിനെയും മുന്നണിയെയുംകൈവിടാത്തത് വലിയ ആശ്വാസമാവുകയാണ്.

Photo: People’s Democracy/web

പൊന്നാനി മുന്‍സിപ്പാലിറ്റിയുടെ ചരിത്രം പരിശോധിച്ചാല്‍ 2000ന് ശേഷമാണ് എല്‍.ഡി.എഫിനൊപ്പം നില്‍ക്കാന്‍ തുടങ്ങിയതെന്ന് വ്യക്തമാകും. അതുവരെ യു.ഡി.എഫ് സ്ഥിരമായി വിജയിക്കുന്ന ഒരു നഗരസഭ മാത്രമായിരുന്നു പൊന്നാനി.

എന്നാല്‍, 2000 മുതല്‍ ഇരുമുന്നണികളും മാറി മാറി ഭരിക്കുന്ന നിലയിലേക്ക് എല്‍.ഡി.എഫിന് അനുകൂലമായ ഒരു നിലമവിടെയൊരുങ്ങി. 2015ല്‍ നേടിയ വിജയം 2020ല്‍ എല്‍.ഡി.എഫിന് ആവര്‍ത്തിക്കാനായതോടെ ആദ്യമായി പൊന്നാനിയില്‍ തുടര്‍ഭരണം നേടിയെന്ന ചരിത്രവും ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലെത്തി.

ഇത്തവണ യു.ഡി.എഫിലേക്ക് ചാഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം പോകാതെ ഇടതുപക്ഷത്ത് തന്നെ പൊന്നാനി ഉറച്ചുനിന്നതോടെ ജില്ലയിലെ ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ പരാജയമെന്ന നാണക്കേടില്‍ നിന്നും രക്ഷിക്കാനും ഈ കടലോര നഗരത്തിനായി.

അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമായ ആധിപത്യം യു.ഡി.എഫിന് സ്വന്തമാക്കാനായി. സംസ്ഥാനത്തെ ആകെയുള്ള 86 മുന്‍സിപ്പിലിറ്റികളില്‍ 54 മുന്‍സിപ്പാലിറ്റികളും യു.ഡി.എഫിനൊപ്പം നിന്നു. 28 മുന്‍സിപ്പാലിറ്റികളാണ് എല്‍.ഡി.എഫിനെ പിന്തുണച്ചത്. എന്‍.ഡി.എ രണ്ട് മുന്‍സിപ്പാലിറ്റികളിലും നേട്ടമുണ്ടാക്കി.

തിരുവനന്തപുരം പോലെ ചുരുക്കം ചില ജില്ലകളിലൊഴിച്ച് എവിടെയും മുന്‍സിപ്പാലിറ്റികളില്‍ ഇടതുപക്ഷത്തിന് എതിരാളികളേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവാത്തതും ശ്രദ്ധേയമായി.

നിയമസഭയിലും പൊന്നാനി മണ്ഡലത്തിന് ഇടതുമനസാണ്. സ്വതന്ത്ര മുഖച്ഛായയില്ലാതെ, സി.പി.ഐ.എമ്മിന് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ജയം സ്വന്തമാകുന്ന മലപ്പുറത്തെ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നുകൂടിയാണ് പൊന്നാനി.

Content  Highlight:  Kerala standing with the UDF and Malappuram with Muslim League but Ponnani has become the LDF’s Fort: The unyielding thorn

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more