യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയിൽ ഇടതു തുരുത്തുകളിലടക്കം കടന്നുകയറി ഐക്യ ജനാധിപത്യ മുന്നണിയുടെ തകർപ്പൻ വിജയം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം അതേപടി പ്രതിഫലിപ്പിച്ചതാണ് നിയമസഭാ തെരഞ്ഞെടുപ്പും. സംസ്ഥാനത്തെ പ്രതിപക്ഷമില്ലാത്ത ഒരേഒരു ജില്ലാപഞ്ചായത്തായി മലപ്പുറം ജില്ലയെ മാറ്റിയെടുക്കാൻ മുസ്‌ലിം ലീഗ് നേതൃത്വം നൽകുന്ന മലപ്പുറത്തെ യു.ഡി.എഫിന് കഴിഞ്ഞിരുന്നു, ആ മിന്നും വിജയം ആവർത്തിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും.
മന്ത്രിയും, മുൻ മന്ത്രിയുമടക്കം ജില്ലയിലെ ഇടത് മുന്നണിക്ക് ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെയെല്ലാം നിലം പരിശാക്കിയാണ് യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചത്. മന്ത്രി വി. അബ്ദുറഹിമാന് തിരൂരിൽ ജയസാധ്യതയില്ലെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി മുമ്പേ പ്രവചിച്ചിരുന്നെങ്കിലും പൊന്നാനിയിലെയും, തവനൂരിലെയും അപ്രതീക്ഷിത പരാജയം സി.പി.ഐ.എമ്മിനും ഇടത് മുന്നണിക്കും കടുത്ത ആഘാതം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ എൽ.ഡി.എഫ് സംപൂജ്യരായി.
ഈ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ രണ്ട് മണ്ഡല മാറ്റവും നടന്നു, വേങ്ങരയിൽ നിന്നും മലപ്പുറത്തേക്ക് ലീഗിന്റെ ‘കുഞ്ഞാപ്പ’ ചേക്കേറിയപ്പോൾ സി.പി.ഐ.എം ന്റെ ‘മാമൻ’ താനുരുവിട്ട് സ്വന്തം നാടായ തിരൂരിലേക്കും മാറി. പരാജയ ഭയമാണ് ഇരുനേതാക്കളെയും മണ്ഡല മാറ്റത്തിന് പ്രേരിപ്പിച്ചതെന്ന് ഇരു മുന്നണികളും എതിർ സ്ഥാനാർത്ഥികൾക്കെതിരെ ഉന്നയിച്ചെങ്കിലും വി. അബ്ദുറഹിമാന് തിരുരിലും കരകേറാനായില്ല.
കുഞ്ഞാലികുട്ടി മലപ്പുറത്തേക്ക് കളംമാറി വേങ്ങരയിൽ ലീഗിന്റെ യുവ നേതാവ് കെ.എം ഷാജിയായിരുന്നു സ്ഥാനാർഥിയായെത്തിയത്, ജയസാധ്യതയുള്ള സീറ്റുതന്നെ യുവ നേതാവിന് നൽകിയത് മുൻ ‘അയോഗ്യ’ എം.എൽ.എക്ക് നൽകിയ വലിയ പരിഗണനതന്നെയായി.
താനൂരിലെ ലീഗ് കോട്ട കഴിഞ്ഞ രണ്ടുതവണ വി. അബ്ദുറഹ്മാൻ പിടിച്ചടക്കിയെങ്കിലും ഇത്തവണ വിദ്യാർത്ഥി നേതാവ് പി.കെ നവാസിലൂടെ ലീഗ് തിരിച്ചു പിടിച്ചു.
നേരത്തെ മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയെയടക്കം തറപറ്റിച്ച മുൻ മന്ത്രി കെ.ടി ജലീലിന് പക്ഷെ ഇത്തവണ തവന്നൂർ മണ്ഡലത്തിൽ തുടർച്ചയായ രണ്ടു വിജയത്തിന് ശേഷം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയിയോട് പരാജയം രുചിക്കേണ്ടിവന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ വിഭാഗീയതകൾക്കിടയിലും സി.ഐ.ടി.യു നേതാവ് നന്ദകുമാറിലൂടെ പൊന്നാനി മണ്ഡലം നിലനിർത്താൻ ഇടത് മുന്നണിക്കായി, എന്നാൽ ഇത്തവണ മുൻ പി.എസ്.സി ചെയർമാൻ എം.കെ സക്കീർ യു.ഡി.എഫ് സ്ഥാനാർഥി കെ.പി നൗഷാദിനോട് ദയനീയമായി പരാജയപെട്ടു.
പി.വി അൻവർ ഇല്ലെങ്കിൽ നിലമ്പുർ മണ്ഡലം ഇടതുപക്ഷത്തിന് കിട്ടാക്കനിയായിത്തന്നെ തുടരുമെന്ന് പ്രഖ്യാപിക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞടുപ്പ്. അൻവറിന്റെ രാജിമൂലമുണ്ടായ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം ഇരട്ടിയായുയർത്താൻ ഇത്തവണ ആര്യാടൻ ഷൗക്കത്തിനായി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫോട്ടോഫിനിഷിൽ നൂറിൽ താഴെ വോട്ടിനായിരുന്നു നജീബ് കാന്തപുരത്തിന് പെരിന്തൽമണ്ണയിൽ ജയികനായതെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ ഭൂരിപക്ഷം 32000 കടത്തി.
ഏറനാട്, വണ്ടൂർ, മഞ്ചേരി, മങ്കട, വേങ്ങര, വള്ളിക്കുന്ന്, തിരുരങ്ങാടി, കോട്ടക്കൽ തുടങ്ങിയ മറ്റു മണ്ഡലങ്ങളിൽ ഒരു അപ്രതീക്ഷിത മുന്നേറ്റവും നടത്താൻ സംസ്ഥാനത്ത് പത്തുവർഷം ഭരണത്തിരുന്ന മുന്നണിക്ക് കഴിഞ്ഞില്ല.
Content Highlight: UDF sweeps Malappuram, wins all seats in the district, including the Left strongholds