| Sunday, 20th September 2026, 1:46 pm

യു.ഡി.എഫ് ഭരണം സംഘപരിവാറിന് പരവതാനി വിരിക്കുന്നു; ലീഗ് 'മുസ്‌ലിം ബി.ജെ.പി'യായി മാറി: പി. ജയരാജൻ

ശ്രീലക്ഷ്മി പി.പി

കണ്ണൂർ: അധികാരത്തിൽ വന്ന് ഇത്രയും ദിവസമായിട്ടും ആർ.എസ്.എസിനും സംഘപരിവാറിനും അഹിതമായിട്ടുള്ള ഒറ്റ നടപടിയും കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും, സംഘപരിവാറിന് കേരളത്തിൽ ശക്തിപ്പെടാൻ പരവതാനി ഒരുക്കുന്ന നീക്കത്തിലാണ് സതീശനും കൂട്ടരുമെന്നും സി.പി.ഐ.എം നേതാവ് പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ് നേതാവായിരുന്ന ഘട്ടത്തിൽ മഹാത്മാഗാന്ധിയെ നിശബ്ദനാക്കാനും മടിക്കില്ല എന്ന് പ്രഖ്യാപിച്ച ആർ.എസ്.എസ് തലവൻ ഗോൾവാൾക്കറുടെ പടത്തിനു മുന്നിൽ വണങ്ങി നിലവിളക്ക് കൊളുത്തിയ ആളാണ് സതീശൻ. ആ സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായതോടുകൂടി സംഘപരിവാർ വലിയ ആഹ്ലാദത്തിലാണ്. ഈ സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണകാലം ബംഗാളിലേതുപോലെ വെടി പൊട്ടിക്കാൻ വേണ്ടി ഒരുങ്ങിനിൽക്കുന്ന സംഘപരിവാർ ശക്തികൾക്ക് കേരളത്തിൽ വെടിമരുന്ന് ഉണക്കാനുള്ള കാലമായിട്ടാണ് അവർ കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ വർഗീയത ശക്തിപ്പെടുകയാണെന്നും കോർപ്പറേറ്റുകളുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള വർഗീയത ഇന്ത്യൻ രാഷ്ട്രീയത്തിൽ അപകടകരമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മറുമരുന്നായി ചിലർ പറയുന്നത് മുസ്‌ലിം ഏകീകരണമാണ്. ഒരു ഭാഗത്ത് ഹൈന്ദവ ഏകീകരണവും മറുഭാഗത്ത് മുസ്‌ലിം ഏകീകരണവും നടക്കുമ്പോൾ അതിന്റെ വക്താക്കളായി വരുന്നത് മുസ്‌ലിം ലീഗാണ്. ലീഗിന്റെ ഓരോ നടപടികളും അവർ യഥാർത്ഥത്തിൽ ഒരു ‘മുസ്‌ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് എന്ന് അദ്ദേഹം വിമർശിച്ചു.

ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വഖഫ്. എന്നാൽ ആ വഖഫ് ബോർഡിലേക്ക് അമുസ്‌ലിങ്ങളെ നോമിനേറ്റ് ചെയ്യാൻ തങ്ങൾ സന്നദ്ധമാണെന്ന് സതീശൻ-കുഞ്ഞാലിക്കുട്ടി ഭരണം പ്രഖ്യാപിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ കോഴിക്കോട് കടപ്പുറത്ത് ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലി മാധ്യമപ്രവർത്തകർക്ക് ഓർമ്മയുണ്ടാകും. ബി.ജെ.പി സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നിട്ട്, അതിനെതിരെ ഹരജി കൊടുത്ത മുസ്‌ലിം ലീഗ് ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. ജയരാജൻ രൂക്ഷമായി വിമർശനം ഉന്നയിച്ചു.

എൽ.ഡി.എഫ് ഭരണകാലത്ത് പി.എസ്‌.സി വഴി നിയമനം നടത്താൻ തീരുമാനിച്ചപ്പോൾ അമുസ്‌ലിങ്ങൾ കടന്നുവന്നേക്കുമോ എന്ന ആശങ്ക ചില മതനേതാക്കൾ പ്രകടിപ്പിച്ചു. അപ്പോൾ തന്നെ പിണറായി മതനേതാക്കളെ വിളിച്ച് അത്തരം ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കുകയും, ദേവസ്വം ബോർഡുകളിലേതുപോലെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് ആക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നിട്ടും ലീഗിന് തൃപ്തിയായില്ല. സർക്കാരിനെതിരെ മതവികാരം ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ വേണ്ടിയായിരുന്നു അന്ന് അവർ വഖഫ് സംരക്ഷണ റാലി നടത്തിയത്.
ഇപ്പോൾ എന്തേ അവർക്ക് സംരക്ഷണം തോന്നാത്തതെന്നും, ലീഗ് മുസ്‌ലിം ബി.ജെ.പിയായി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാനാപ്രകാരത്തിലുള്ള വർഗീയത വിഴുങ്ങുമ്പോൾ മതനിരപേക്ഷതയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഉതകുന്ന ഏക ശക്തി സി.പി.ഐ.എം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ്. കേരളത്തെ ആർ.എസ്.എസ് വൽക്കരിക്കാനുള്ള പദ്ധതിക്ക് ജീവൻ കൊടുത്തും പോരാടിയ പാർട്ടിയാണ് സി.പി.ഐ.എമെന്നും അദ്ദേഹം പറഞ്ഞു.

200-ലധികം സഖാക്കളുടെ ജീവനാണ് ആർ.എസ്.എസ് എടുത്തത്. ഒരു കേസിലും പ്രതിയല്ലാതിരുന്ന എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് സഖാവ് സുധീഷിനെ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് 37 വെട്ടുകൾ വെട്ടിയാണ് ആർ.എസ്.എസുകാർ നുറുക്കിക്കൊന്നത്. സംഘപരിവാർ കടന്നുകയറുന്നതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിച്ചതിനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അങ്ങനെയുള്ള സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റും ഇ.ഡിയും ബി.ജെ.പിയുമൊക്കെ വരുമ്പോൾ അതിന് പരവതാനി വിരിക്കുന്ന സമീപനമാണ് കേരളത്തിലെ സർക്കാർ സ്വീകരിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു.

ഇതിനെതിരായി ജനങ്ങളെ അണിനിരത്താൻ സി.പി.ഐ.എമ്മിനെ കൂടുതൽ ശക്തിപ്പെടുത്താനാണ് കോഴിക്കോട് ചേർന്ന വിപുലീകൃത പ്രവർത്തക യോഗം തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ഉൾപ്പാർട്ടി സമരം തുടരും. സുശക്തമായ പ്രസ്ഥാനമായി സി.പി.ഐ.എമ്മിനെ മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനാധിപത്യം നിലനിൽക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും സാമൂഹ്യനീതി ഉറപ്പുവരുത്താനും ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും പിന്തുണ പാർട്ടിക്ക് വേണമെന്നും പി. ജയരാജൻ അഭ്യർത്ഥിച്ചു.

Content Highlight:UDF rule is rolling out the red carpet for the Sangh Parivar; League has become the ‘Muslim BJP’: P. Jayarajan.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more