| Sunday, 6th September 2026, 8:34 am

ശോഭായാത്രകളിൽ യു.ഡി.എഫ് എം.എൽ.എ മാരുടെ സാനിധ്യം; നേതാക്കളുടെ നിലപാടിനെ പ്രശംസിച്ച് ഹിന്ദു ഐക്യവേദി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആർ.എസ്.എസിന്റെ കുട്ടികളുടെ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രകളിൽ യു.ഡി.എഫ് എം.എൽ.എമാർ പങ്കെടുത്തതിനെ സ്വാഗതം ചെയ്തും അഭിനന്ദിച്ചും ഹിന്ദു ഐക്യവേദി നേതാക്കൾ.

മലപ്പുറം കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷറഫലി, കൊച്ചി എം.എൽ.എ മുഹമ്മദ് ഷിയാസ്, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ ശോഭായാത്രകളോട് സഹകരിച്ചതിനെയാണ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രശംസിച്ചത്.

പാർട്ടി താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ ജനപ്രതിനിധികൾ തയ്യാറായത് നല്ല മാതൃകയാണെന്ന് ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഫേസ്ബുക്കിൽ കുറിച്ചു. കൊണ്ടോട്ടി എം.എൽ.എ ടി.പി. അഷറഫലി ശോഭായാത്രയ്ക്ക് ആശംസകളുമായി എത്തിയതിനെയും, ഡീൻ കുര്യാക്കോസ് ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിനെയും അവർ പ്രത്യേകം അഭിനന്ദിച്ചു.

ജനപ്രതിനിധികൾ ഒരു പാർട്ടിയുടെ മാത്രം ഭാഗമല്ലെന്നും അവർ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധികളാണെന്നും,പല ജനപ്രതിനിധികളും പാർട്ടി താത്പര്യങ്ങൾക്ക് അപ്പുറം തങ്ങളുടെ പദവിക്കൊത്ത് ഉയർന്നതായി കണ്ടു എന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ നല്ലൊരു കീഴ്‌വഴക്കമായി മാറട്ടെയെന്നും ആശംസിച്ചു.

കൊച്ചിയിൽ നടന്ന ശോഭായാത്രയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും കൊച്ചി എം.എൽ.എയുമായ മുഹമ്മദ് ഷിയാസിന്റെ നടപടിയെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി. ബാബുവും പ്രശംസിച്ചു. കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്തിനു ഒപ്പമാണ് എം.എൽ.എ ശോഭായാത്രയിൽ പങ്കുചേർന്നത്. എം.എൽ.എയുടെ ഈ നടപടി മാതൃകാപരവും ഏറെ അഭിനന്ദനാർഹവുമാണെന്ന് ആർ.വി. ബാബു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ബാലഗോകുലത്തിന്റെ ശോഭായാത്രകളിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ സാനിധ്യവും ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ തുറന്ന പിന്തുണയും ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Content Highlight:UDF MLAs’ participation in Shobha Yatras; Hindu Aikya Vedi praises leaders’ stance.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more