നിരോധനത്തിന്റെ ഫലമായി ജോലിനഷ്ടപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, ടൂറിസം മേഖലകളിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുത്ത് മദ്യനയത്തില്‍ മാറ്റങ്ങള്‍ വരുത്തും. അതേ സമയം അടിസ്ഥാനപരമായ മദ്യ നയത്തിന് മാറ്റമുണ്ടാവില്ല. ഇതിന് നേതാക്കളുടെ പിന്തുണയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിക്ക് യുഡിഎഫിന്റെ പൂര്‍ണ പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഒരു കാരണവശാലും മദ്യനയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവരുതെന്ന് അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. മുസ്ലീം ലീഗും മദ്യ നയത്തില്‍ മാറ്റം വരുത്തുന്നതിനെതിരെയാണ് യോഗത്തില്‍ നിലപാടെടുത്തത്.
അതേസമയം പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ അഴിമതി ആരോപണമുന്നയിച്ച എം.എല്‍.എ. ഗണേഷ് കുമാറിനെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇനിയൊരറിയിപ്പുണ്ടാവുന്ന വരെ പങ്കെടുപ്പിക്കില്ലെന്ന് യോഗം തീരുമാനിച്ചു. ഗണേഷിന്റെ നടപടി മുന്നണി മര്യാദകള്‍ക്ക് എതിരാണെന്നാണ് പൊതു അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.