കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിലും ഭാവി നടപടികളിലും മാധ്യമങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
യു.ഡി.എഫിന് ഏറ്റവും വലിയ രാഷ്ട്രീയ വിജയമുണ്ടായ ജില്ലയാണ് കോട്ടയമെന്നും അതില്‍ ജനങ്ങളോട് നന്ദിയുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കോട്ടയം സി.എം.എസ് കോളേജിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യു.ഡി.എഫിന്റെ അടിത്തറ അടുത്ത തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ കൂടുതല്‍ വിപുലീകരിക്കും. യു.ഡി.എഫ് എന്നത് കുറേ പാര്‍ട്ടികളുടെ വെറും മുന്നണി മാത്രമല്ല. ആരും അങ്ങനെ കാണുകയും ചെയ്യരുത്. നിങ്ങളെല്ലാം അങ്ങനെ കണ്ടതുകൊണ്ടാണ് യു.ഡി.എഫിനെ പലരും ചെറുതായി കണ്ടതെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളെല്ലാം ചിന്തിക്കുന്നതിനേക്കാള്‍ അപ്പുറത്തുള്ള ഒരു പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമാണ് യു.ഡി.എഫ്. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന, വളരെ വിപുലമായ പ്ലാറ്റ്ഫോമായാണ് യു.ഡി.എഫ് മാറുന്നത്. അതുകൊണ്ട് തന്നെ രണ്ടും രണ്ടും നാലാകുന്നില്ല. അതാണ് പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് എന്താണെന്ന് തങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് പല തെരഞ്ഞെടുപ്പുകളിലും തങ്ങള്‍ വലിയ വിജയം നേടിയത്. ഒരുപാട് വിഭാഗം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോം കൂടിയാണ് യു.ഡി.എഫ്. നിലവിലുള്ളതിനേക്കാള്‍ ശക്തമായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസി(എം)നെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അക്കാര്യങ്ങളെല്ലാം ഉചിതമായ സമയത്ത് എല്ലാവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. യു.ഡി.എഫ് വിപുലമാകും. അതില്‍ ഇടത് മുന്നണിയില്‍ നിന്നുള്ളവര്‍ ഉണ്ടാകാം, മറ്റു പൊതുസമൂഹങ്ങളില്‍ നിന്നുള്ളവരുമുണ്ടാകാം. പക്ഷേ അതെല്ലാം പറഞ്ഞാല്‍ സസ്‌പെന്‍സ് പോകില്ലേയെന്നും അദ്ദേഹം തമാശരൂപേണ ചോദിച്ചു.
മേയര്‍ തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഓരോ ജില്ലയിലും അതാത് മേഖലയിലെ യു.ഡി.എഫ് നേതൃത്വങ്ങള്‍ തീരുമാനമെടുക്കുമെന്നും അതിനുള്ള മാനദണ്ഡം യു.ഡി.എഫ് സംസ്ഥാന നേതൃത്വം നല്‍കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിനകത്തെ തീരുമാനങ്ങള്‍ എടുക്കുന്നത് കെ.പി.സി.സിയാണ്. അതിനുവേണ്ട മാനദണ്ഡം വരും ദിവസങ്ങളില്‍ പുറപ്പെടുവിക്കും. എങ്ങനെയാണ് മേയര്‍, ചെയര്‍മാന്‍, പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കേണ്ടതെന്ന് ഈ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ അല്ല തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ക്കൊപ്പമാണ് വി.ഡി. സതീശന്‍ മാധ്യമങ്ങളെ കണ്ടത്.
Content Highlight: UDF is not just a front of political parties, but a broad political platform: VD Satheesan