| Monday, 7th September 2026, 9:02 am

വീട് കൈമാറ്റത്തിൽ യു.ഡി.എഫ് സർക്കാരിന്റെ അനാസ്ഥ: മുണ്ടക്കൈ-ചൂരൽ മല അതിജീവിതർ സമരത്തിലേക്ക്

ശ്രീലക്ഷ്മി പി.പി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽ മല അതിജീവിതർക്കായുള്ള രണ്ടാംഘട്ട വീടുകളുടെ കൈമാറ്റം നടക്കാത്തതിൽ പ്രതിഷേധിച്ച് ഗുണഭോക്താക്കൾ പ്രതിഷേധത്തിലേക്ക്.

എൽ.ഡി.എഫ് സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ 178 കുടുംബങ്ങൾക്കാണ് വീട് കൈമാറിയത്. വ്യാഴാഴ്ച ഗണഭോക്താക്കൾ ടൗൺഷിപ്പിൽ നേരിട്ടെത്തി സമരം നടത്തും.

സെപ്റ്റംബറിൽ എല്ലാ കുടുംബങ്ങൾക്കും വീട് കൈമാറും എന്നതായിരുന്നു സർക്കാരിന്റെ വാഗ്ദാനം.അതിനായി മന്ത്രി ടി.സിദ്ധിഖിനെ കൺവീനറാക്കി യു.ഡി.എഫ് സർക്കാർ ടൗൺഷിപ്പിനായി പുതിയ മന്ത്രി സഭ ഉപസമിതിയും രൂപീകരിച്ചിരുന്നു.

ഗുണഭോക്തൃപട്ടിക പ്രകാരം 327 കുടുംബങ്ങൾ ഉള്ളതിൽ 149 കുടുംബത്തിനാണ് രണ്ടാം ഘട്ടത്തിൽ വീട് നൽകേണ്ടത്. ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെടുത്തേണ്ട അവസാനഘട്ട കുടുംബങ്ങളെ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും യു.ഡി.എഫ് സർക്കാർ തുടർനടപടി സ്വീകരിച്ചിട്ടില്ല.

ഗുണഭോക്താക്കൾ ആയിട്ടുള്ള 83 പേരെ ഇനിയും പട്ടികയിൽ ഉൾപ്പെടുത്താനുമുണ്ട്. എന്നാൽ വീട് നിശ്ചയിച്ച് നൽകുന്ന നറുക്കെടുപ്പുപോലും ഇതുവരെയായി നടത്തിയിട്ടില്ല.

ദുരന്തബാധിതരുടെ ബാങ്ക് വായ്പകളുടെ ബാധ്യത അവരുടെ പേരിൽ നിന്നും ഇതുവരെ ആയി നീക്കാത്തതിലും സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ബാങ്കുകൾക്ക് നൽകാനുള്ള തുക എൽ.ഡി.എഫ് സർക്കാർ കലക്ടറുടെ അക്കൗണ്ടിലേക്ക് നൽകിയിരുന്നതാണ്.

ഭരണമാറ്റത്തിന് ശേഷം നിർമാണ പ്രവർത്തികൾ മന്ദഗതിയിലായി.രണ്ടായിരത്തി അഞ്ഞൂറോളംപേർ രാപ്പകൽ ജോലിചെയ്ത ടൗൺഷിപ്പിൽ തൊഴിലാളികളുടെ എണ്ണം അഞ്ഞൂറിൽ താഴെയായി.

പുതിയ സർക്കാർ അധികാരത്തിലെത്തി ഇത്ര നാളുകൾ ആയിട്ടും 26 വീടിന്റെ വാർപ്പുമാത്രമാണ് കഴിഞ്ഞത്. നിർമാണം തുടങ്ങി 320-ാം ദിനം ഒന്നാംഘട്ടമായി 178 കുടുംബങ്ങൾക്ക് വീടും ഏഴ് സെന്റ് ഭൂമിയും എൽ.ഡി.എഫ് സർക്കാർ കൈമാറിയിരുന്നു.

Content Highlight:UDF government’s apathy over house handovers: Mundakkai-Chooralmala survivors launch protest.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more