| Sunday, 18th October 2026, 4:23 pm

യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു; വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ നീക്കം: പിണറായി വിജയൻ

ശ്രീലക്ഷ്മി പി.പി

കണ്ണൂർ: സംസ്ഥാനത്ത് അധികാരമേറ്റ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് ഗവൺമെന്റ് എല്ലാ രീതിയിലും ആർ.എസ്.എസിന്റെ അജണ്ട അംഗീകരിക്കാനും നടപ്പാക്കാനുമാണ് താത്പര്യം കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

പുതിയ സർക്കാർ വന്ന് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂവെങ്കിലും സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായി തെളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും, ആർ.എസ്.എസ് അജണ്ടകൾ വാശിയോടെ നടപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം വിമർശിച്ചു. സി.പി.ഐ.എം കണ്ണൂർ ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെങ്കിലും സർക്കാരിന്റെ ഓരോ ഇടപെടലുകളിലും ഈ അജണ്ട ദൃശ്യമാണ്. സത്യപ്രതിജ്ഞാ വേള തൊട്ട് വന്ദേമാതരം പൂർണമായി ആലപിച്ചതിലൂടെ നാം ഇത് കണ്ടുകഴിഞ്ഞതാണ്. യുവതലമുറയെ കാവിവൽക്കരിക്കുക എന്നുള്ളതാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്ന പ്രധാന കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

അതിനായി പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും ഒരു വലിയ ഉപാധിയായി ഉപയോഗിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ ഈ താത്പര്യത്തിന്റെ ഭാഗമായുള്ള ഇടപെടലായിരുന്നു സംസ്ഥാനത്ത് പി.എം.ശ്രീ പദ്ധതി നടപ്പാക്കിയതിലൂടെ കണ്ടത്. എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരിൽ നിന്നും ഇതിനെതിരെ വലിയ എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുമ്പ് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് രാജ്യം നീങ്ങിയപ്പോൾ, അത്തരം ഒരു രജിസ്റ്റർ തങ്ങളുടെ മണ്ണിൽ നടപ്പാക്കില്ലെന്ന് നെഞ്ചുവിരിച്ചു പറയാൻ കേരളം എന്നൊരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ടായിരുന്നു. അന്ന് കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിൽ ഉണ്ടായിരുന്നതുകൊണ്ടാണ് അത്തരമൊരു ശക്തമായ നിലപാട് എടുക്കാൻ സാധിച്ചതെന്ന്’ പിണറായി വിജയൻ പറഞ്ഞു.

എസ്.ഐ.ആർ നടപ്പാക്കിയതു വഴി രാജ്യത്താകെ വോട്ടവകാശം കവർന്നെടുക്കപ്പെടുകയാണുണ്ടായത്. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിനും, സംസ്ഥാനത്ത് ലക്ഷക്കണക്കിനും, രാജ്യത്താകെ 13 കോടിയിലധികം വോട്ടർമാരുടെയും വോട്ടവകാശമാണ് ഇല്ലാതാക്കിയത്. എല്ലായിടങ്ങളിലും ഇപ്പോഴും അത് പൂര്ണമായിട്ടില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ഒരുമ്പെട്ടിറങ്ങിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ്. കേന്ദ്ര ഭരണ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹം നീങ്ങിയത്. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളുമാണ് ഉയർന്നുവന്നിരിക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ ഇത്തരം ഭരണഘടനാ വിരുദ്ധമായ നടപടികൾ ചോദ്യം ചെയ്യാൻ തയ്യാറുള്ള എല്ലാവരെയും ഒന്നിച്ച് അണിനിരത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. ഓരോരുത്തർക്കും അവരുടേതായ ശക്തിയുണ്ടാകും, എന്നാൽ എല്ലാവരും ഒന്നിച്ചു ചേരുമ്പോൾ ആ ശക്തിക്ക് വലിയ മഹത്വമുണ്ട്. ഈ യാഥാർത്ഥ്യം സി.പി.ഐ.എം കൃത്യമായി തിരിച്ചറിഞ്ഞു. രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ ശക്തികളെല്ലാം ഇതിനെതിരെ ഒന്നിച്ചു നിൽക്കണം എന്ന നിലപാടിൽ ശക്തമായ മുൻകൈ എടുക്കാൻ സി.പി.ഐ.എമ്മിന് കഴിഞ്ഞിട്ടുണ്ടെന്നത് എല്ലാവരും കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ഇരിക്കാൻ പാടില്ല എന്ന ഒരൊറ്റ ആവശ്യവുമായി രാജ്യം ഇന്ന് അതിശക്തമായ പ്രക്ഷോഭത്തിലാണ്. എന്നാൽ, തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യവിരുദ്ധ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തെ സംരക്ഷിച്ചേ തീരൂ എന്ന വാശിയിലാണ് സംഘപരിവാറും ബി.ജെ.പി ഗവണ്മെന്റും എന്ന് പിണറായി വിജയൻ തുറന്നടിച്ചു.

ഈ ജനകീയ പ്രക്ഷോഭത്തെ അവർ അതിക്രൂരമായാണ് നേരിടുന്നത്. പാർലമെന്റ് അംഗങ്ങളാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ ജനപ്രതിനിധികളെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുകയാണ്. ജനപ്രതിനിധികളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും അവസ്ഥ പറയേണ്ടതില്ലല്ലോ. അവർ വലിയ തോതിലാണ് തെരുവിൽ വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്നാൽ, അടിച്ചമർത്തലുകൾക്ക് മുന്നിൽ വഴങ്ങാതെ ജനങ്ങളുടെ ചോദ്യം ചെയ്യൽ അനുദിനം ശക്തിപ്പെടുകയാണ്. പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ വൻതോതിൽ അണിനിരക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പോരാട്ടം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തിയാണ് പരമപ്രധാനം എന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്യാനേഷ് കുമാർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ആ ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്. സംഘപരിവാറോ കേന്ദ്ര സർക്കാരോ എത്ര തന്നെ സംരക്ഷിക്കാൻ നോക്കിയാലും അദ്ദേഹത്തെ സംരക്ഷിക്കാൻ സാധിക്കില്ലെന്നും, അത്രമേൽ കടുത്ത ജനാധിപത്യവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Content Highlight:UDF government is implementing the RSS agenda; moves afoot to saffronize the education sector: Pinarayi Vijayan

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more