തിരുവനന്തപുരം: യു.ഡി.എഫുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ പോലും താന്‍ കഴിഞ്ഞ നാല് മാസത്തിനിടെ അറിഞ്ഞിട്ടില്ലെന്ന് മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും അടുത്ത കാലത്ത് യു.ഡി.എഫ് യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിന്റെ യോഗം അടുത്ത ദിവസങ്ങളിലൊന്നും നടന്നിട്ടില്ല. മുന്നണി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങളൊന്നും പറയാത്തത് കൊണ്ട് യു.ഡി.എഫ് യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുന്‍ മന്ത്രി എം.കെ. മുനീറിനും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും യു.ഡി.എഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട കാബിനറ്റ് റാങ്കുള്ള പദവികള്‍ നല്‍കിയിരുന്നു. ഈ തീരുമാനം താന്‍ അറിഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. യു.ഡി.എഫ് കണ്‍വീനറായ താന്‍ മുന്നണിയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘യു.ഡി.എഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ ഞാന്‍ അറിഞ്ഞിരുന്നില്ല. അറിയാതെയാണ് ഇതൊക്കെ വന്നിട്ടുള്ളത്. മുഖ്യമന്ത്രി ചെയര്‍മാന്‍ എന്നുള്ള നിലയില്‍ ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് യു.ഡി.എഫിന്റെ യോഗം കൂടാന്‍ കഴിഞ്ഞിട്ടില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാനുണ്ട്,’ അടൂര്‍ പ്രകാശ് പറഞ്ഞു.
മുന്നണിയുമായി ബന്ധപ്പെട്ട പല തീരുമാനങ്ങളും വരുന്നത് കണ്‍വീനര്‍ അറിയാതെയാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ ഒരു ചര്‍ച്ചയും ആലോചനയും ഇല്ലാതെ തന്നെയാണ് പല കാര്യങ്ങളും ഇവിടെ വന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ ഇത് ഒരു പരാതിയായിട്ട് പറയുകയല്ലെന്നും നാളെ ഈ കാര്യങ്ങളെ കുറിച്ച് ജനങ്ങള്‍ തന്നോട് ചോദിച്ചു തുടങ്ങും എന്നതിനാലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ ഈ കാര്യങ്ങള്‍ ഞാന്‍ മറച്ചുവെച്ചിട്ട് കാര്യമില്ല. നിങ്ങളുമായി പങ്കുവെക്കുന്നത് ജനങ്ങള്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണ്,’ അദ്ദേഹം പറഞ്ഞു.
പല കാര്യങ്ങളിലും അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അത് നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. നേതൃത്വത്തെ അറിയിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ തന്നെ ചുമതല ഏല്‍പ്പിച്ചത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ്. എന്തൊക്കെ കാര്യങ്ങള്‍ യു.ഡി.എഫില്‍ നടക്കുന്നു എന്ന് ചോദിച്ചാല്‍ അതിന് തക്കതായ മറുപടി പറയുവാന്‍ കഴിയാതെ പോകുന്നു എന്നുള്ളത് ഒരു ദുഖകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കാബിനറ്റ് പദവിയില്‍ നിയമിച്ച രണ്ടുപേരും അര്‍ഹത ഉള്ള ആളുകളാണ്. പക്ഷേ യു.ഡി.എഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ തന്നെ ഇത് അറിയിച്ചില്ല. ഇതിന് ചര്‍ച്ച നടന്നിട്ടില്ല. അവര്‍ രണ്ടുപേരെയും താന്‍ തള്ളി പറയുന്നില്ല. പക്ഷേ യു.ഡി.എഫ് അറിഞ്ഞിരിക്കണമെന്നും കാബിനറ്റ് റാങ്ക് പദവികളിലേക്കുള്ള നിയമനങ്ങളെക്കുറിച്ച് അടൂര്‍ പ്രകാശ് പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ വേണ്ടി അല്ല ഈ കാര്യങ്ങള്‍ പറയുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും താന്‍ അറിഞ്ഞില്ല. താന്‍ അറിയാതെയാണ് ഇതൊക്കെ വന്നിട്ടുള്ളത് എന്ന് ജനങ്ങളെ അറിയിക്കുകയാണെന്നും യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കി.
‘മുഖ്യമന്ത്രി ആകുമ്പോള്‍ അദ്ദേഹത്തിന് ഒരുപാട് ജോലി തിരക്കുകള്‍ ഉണ്ട്. കേരളത്തിന്റെ പല കാര്യങ്ങളും അദ്ദേഹത്തിന് പരിശോധിക്കേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും വിളിച്ച് അറിയിക്കും എന്ന് ഞാന്‍ കരുതുന്നില്ല. എങ്കിലും യുഡിഎഫ് കണ്‍വീനര്‍ എന്നുള്ള നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയണം എന്ന് വെച്ചാല്‍ അത് ദുഖകരമായ കാര്യമാണ്,’ അടൂര്‍ പ്രകാശ് പറഞ്ഞു.
താന്‍ അറിയിക്കേണ്ട ഇടങ്ങളില്‍ ഈ കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ് എന്നെ നിയോഗിച്ചത്. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ചതനുസരിച്ച് അവരെ ഈ കാര്യങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: UDF Convener Adoor Prakash’s Press Meet- Criticisms Targeting CM VD Satheesan