കായംകുളം: യു. പ്രതിഭയ്‌ക്കെതിരായ യു.ഡി.എഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ങ്ങളെ തള്ളി കെ.പി.സി.സി. വൈസ് പ്രസിഡന്റും മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം. ലിജു. ഇത്തരം നിലപാടുകളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വേദികള്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാനുള്ളതല്ലെന്നും ബോഡി ഷെയ്മിങ്ങോ വ്യക്ത്യാധിഷ്ഠിത പരാമര്‍ശങ്ങളോ താനോ യു.ഡി.എഫോ അംഗീകരിക്കില്ലെന്നും ലിജു പറഞ്ഞു. പ്രസംഗത്തിന്റെ ആവേശത്തില്‍ സംഭവിച്ചതാകാമെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിന് തന്നെ വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ വ്യക്തിപരമായും യു.ഡി.എഫ് നേതൃത്വത്തിന് വേണ്ടിയും താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ലിജു കൂട്ടിച്ചേര്‍ത്തു.
അതേസമയം. ,സി.പി.ഐ.എം നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെയും ലിജു ചോദ്യം ചെയ്തു. തങ്ങള്‍ ഇത്തരം തെറ്റുകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ സി.പി.ഐ.എം അതിന് തയ്യാറാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
എം.എം. മണി, എ. വിജയരാഘവന്‍ തുടങ്ങിയവര്‍ മുന്‍പ് നടത്തിയ വിവാദ പരാമര്‍ശങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രയോഗങ്ങളെയും പരാമര്‍ശിച്ച ലിജു, മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വേണ്ടി ഖേദം പ്രകടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തയ്യാറാകുമോ എന്ന് വെല്ലുവിളിച്ചു.
വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ കേവലം വാക്ചാതുരിയും ശരീര അഴകും വില്‍പനയ്ക്ക് വെച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു യു.ഡി.എഫ് മണ്ഡലം കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം കായംകുളത്ത് വെച്ച് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ഇര്‍ഷാദ് പ്രതിഭയെ അവഹേളിച്ച് സംസാരിച്ചത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്ത വേദിയിലായിരുന്നു ഈ അധിക്ഷേപം. എം.എല്‍.എയുടെ മകനെതിരെയുള്ള കേസുകളെക്കുറിച്ചും ഇയാള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിലും പരാതി നല്‍കാനൊരുങ്ങുകയാണ് യു. പ്രതിഭ. നീചമായ ഭാഷ പ്രയോഗിച്ചെന്നും തെരഞ്ഞെടുപ്പില്‍ ഒരു സ്ത്രീയുടെ ശരീരം അല്ല രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും അവര്‍ പറഞ്ഞു.
എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇര്‍ഷാദ് ഈ രീതിയില്‍ പ്രസംഗിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ കേട്ടിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: UDF candidate M. Liju expresses regret over misogynistic remarks against U. Pratibha