| Monday, 13th July 2026, 10:42 pm

വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്, നിരാഹാരം അവസാനിപ്പിക്കണം; സി.ജെ.പിക്കും പിന്തുണയറിയിച്ച് ഉദ്ധവ്

ആദർശ് എം.കെ.

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ ദല്‍ഹി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് (സി.ജെ.പി) പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറേ.

വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ സോനം വാങ്ചുക്കിനോട് സമരം അവസാനിപ്പിക്കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താക്കറേ ഇക്കാര്യം പറഞ്ഞത്.

നീറ്റ് പരീക്ഷയിലെ അഴിമതികള്‍ക്കെതിരെ ജൂണ്‍ 20 മുതല്‍ ജന്തര്‍ മന്തറില്‍ സി.ജെ.പി പ്രക്ഷോഭം നടത്തിവരികയാണ്. ജൂണ്‍ 28നാണ് സോനം വാങ്ചുക് ഈ സമരത്തില്‍ പങ്കുചേര്‍ന്ന് നിരാഹാരം ആരംഭിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി, പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോക്രോച്ചുകളുടെ പ്രതിഷേധം.

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും സോനം വാങ്ചുക്കും നയിക്കുന്ന ഈ പോരാട്ടം രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവിയെ കരുതിയാണെന്നും, ഇതില്‍ രാഷ്ട്രീയമില്ലെന്നും ഉദ്ധവ് താക്കറേ വ്യക്തമാക്കി. അഭിജിത് ദീപ്‌കെ ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ വരെ ഉയര്‍ത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിരാഹാരത്തെത്തുടര്‍ന്ന് 59കാരനായ വാങ്ചുക്കിന്റെ ആരോഗ്യനില വന്‍തോതില്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ ശരീരഭാരം എട്ട് കിലോയോളം കുറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് 67 mg/dL ആയി താഴുകയും രക്തസമ്മര്‍ദത്തില്‍ വലിയ വ്യതിയാനം വരികയും ചെയ്തിട്ടുണ്ട്.

‘സോനം വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് അത്യന്തം വിലപ്പെട്ടതാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തികച്ചും സംവേദനക്ഷമതയില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. മുന്‍പ് ഗംഗാ നദിയുടെ സംരക്ഷണത്തിനായി നിരാഹാരം ഇരുന്ന് ചിലര്‍ ജീവന്‍ വെടിഞ്ഞിട്ടും ഈ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ല. അതുകൊണ്ട് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിക്കണം,’ ഉദ്ധവ് താക്കറേ അഭ്യര്‍ത്ഥിച്ചു.

മുന്‍പ് ലഡാക്കിന്റെ പ്രത്യേക പദവിക്കായി ശബ്ദമുയര്‍ത്തിയപ്പോള്‍ വാങ്ചുക്കിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്നും ഇത്തരം പ്രതിഭകളെ രാജ്യം ആദരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീറ്റ് ക്രമക്കേടുകളുടെ പ്രധാന പ്രഭവകേന്ദ്രമായി മഹാരാഷ്ട്ര മാറിയെന്ന് താക്കറെ ആരോപിച്ചു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20ന് സി.ജെ.പി ദല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് ശിവസേന (യു.ബി.ടി) പൂര്‍ണ പിന്തുണ നല്‍കും. അന്ന് തന്നെ ഈ വിഷയത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ട്ടി മഹാരാഷ്ട്രയിലുടനീളം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ശിവസേന എം.പിമാര്‍ ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും താക്കറെ അറിയിച്ചു.

ഇത് ഒരു പാര്‍ട്ടിയുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ യുവാക്കളുടെ നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും ഉദ്ധവ് താക്കറേ വ്യക്തമാക്കി. പാര്‍ട്ടി കൊടികളും അജണ്ടകളും മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളും ഈ സമരത്തിന് പിന്തുണ നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ക്കായി തെരുവിലിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Content Highlight: Uddhav Thackeray extends support to the protest by CJP and Sonam Wangchuk; urges the activist to end the hunger strike.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more