| Tuesday, 26th November 2019, 8:14 pm

എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ഉദ്ധവ് താക്കറെ ഇന്ന് രാത്രി ഒമ്പത് മണിക്ക് ഗവര്‍ണറെ കാണും; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ ഒന്നിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് രാത്രി ഒമ്പത് മണിക്ക് ഗവര്‍ണറെ കാണും. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കേശ്യാരിയെ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ നടക്കുന്ന സേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത മീറ്റിംഗ് തുടരുകയാണ്.

ത്രികക്ഷി സഖ്യത്തിന്റെ നേതാവായി ഉദ്ധവ് താക്കറയെ തെരഞ്ഞെടുക്കും. സഖ്യത്തെ മഹാരാഷ്ട്ര വികാസ് അഘാടി എന്ന് വിളിക്കുമെന്ന് സംയുക്ത യോഗത്തില്‍ മൂന്നു പാര്‍ട്ടികളും പ്രഖ്യാപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലസാഹെബ് തോറത്തും ഉപമുഖ്യമന്ത്രിമാരാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസ് 18യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അടുത്ത 25 വര്‍ഷം മഹാരാഷ്ട്രയില്‍ തുടരുമെന്നും നവാബ് മാലിക് പറഞ്ഞിരുന്നു.

സാമുദായിക രാഷ്ട്രീയം പ്രവര്‍ത്തിക്കാനുള്ള സംഘടനയല്ല ശിവസേനയെന്നും മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കാനാണ് സേന നിലനില്‍ക്കുന്നതെന്നും മാലിക് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുമായി കൂട്ടുകൂടിയ അന്ന് മുതല്‍ ശിവസേന നശിച്ചുവെന്നും മാലിക് പറഞ്ഞിരുന്നു.

അതേസമയം, പരസ്യ ബാലറ്റിലൂടെ മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കും. മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് രാജിവെക്കുകയും ചെയ്തിരുന്നു. ഫഡ്നാവിസിന്റെ രാജിക്ക് അല്‍പ്പം മുന്‍പ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more