| Thursday, 19th November 2026, 10:20 am

ചെയ്യണ്ടായിരുന്നുവെന്ന് തോന്നിയ മറ്റൊരു സിനിമയാണത്; അന്ധവിശ്വാസങ്ങളുടെ ഒരു കൂട് സിനിമയിലുണ്ട്: ഉദയകൃഷ്ണ

അനുപമ കെ. സീത

സുരേഷ് ദിവാകർ സംവിധാനം ചെയ്ത് ദിലീപും നിക്കി ഗൽറാണിയും നായികാ- നായകനായി പുറത്തിറങ്ങിയ കോമഡി- ഡ്രാമ ചിത്രമാണ് ഇവൻ മര്യാദരാമൻ. എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ മര്യാദ രാമണ്ണയുടെ മലയാളം റീമേക്കാണിത്. ഉദയകൃഷ്ണ- സിബി കെ. തോമസിന്റേതായിരുന്നു തിരക്കഥ. തെലുങ്ക് ഇൻഡസ്ട്രിയിൽ സൂപ്പർഹിറ്റായ സിനിമ മലയാളം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു.

സിനിമയുടെ പരാജയത്തെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു തിരക്കഥാകൃത്തായ ഉദയകൃഷ്ണ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ചെയ്യണ്ടായിരുന്നു എന്ന് തോന്നിയ സിനിമകളിലൊന്നായിരുന്നു ഈ ചിത്രമെന്നും ചലച്ചിത്ര മേഖലയിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്.

ഇവൻ മര്യാദരാമൻ.Photo.Screen Grab/Facebook.com

‘ഈ പറഞ്ഞപോലെ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയ മറ്റൊരു പടമായിരുന്നു ഇവൻ മര്യാദരാമൻ. റിമേക്ക് ചെയ്ത് ഒരാൾ ഉണ്ടാക്കിയ സക്സസ് പിന്നീട് മറ്റൊരാൾക്ക് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. തെലുങ്കിൽ രാജമൗലി ചെയ്ത പടമാണത്, കൊച്ചു പടമാണ്. അതിന്റെ റൈറ്റ്സ് നേരത്തെ വാങ്ങിച്ചു വെച്ചിട്ടുള്ളതായിരുന്നു. ഞാൻ വേറൊരു ചിത്രത്തിന്റെ കഥയുമായിട്ടാണ് നിന്നത്. പക്ഷേ അനുകൂല സാഹചര്യമായിരുന്നില്ല. തെലുങ്ക് ഒഴികെ എല്ലാ ഭാഷകളിലും പൊട്ടിയ പടമാണത്. പക്ഷേ ജ്യോത്സന്മാർ വിജയിക്കുമെന്ന് പറഞ്ഞ സിനിമയാണ് ഇവൻ മര്യാദരാമൻ.

സിനിമയിൽ പറയുന്ന ഒരു തമാശ വാക്കുണ്ട്, ജോത്സ്യമാർ അനുഗ്രഹിച്ചില്ല എന്ന്. ജോത്സ്യന്മാർ അനുഗ്രഹിക്കാതെ മര്യാദരാമനിലേക്ക് കടക്കേണ്ടി വന്നു. അന്ധവിശ്വാസങ്ങളുടെ ഒരു കൂട് സിനിമയിലുണ്ട്. ഒരു സബ്ജക്റ്റ് കേട്ടാലോ അത് ചെയ്താലോ സ്ക്രീനിൽ കാണുന്ന സിനിമ ഉണ്ടാക്കുമ്പോഴേ നമ്മൾ ഇതിന്റെ പൂർണ്ണത അറിയുള്ളൂ. അതുവരെ നമ്മൾ വിശ്വസിക്കുന്നത് ഈ ജ്യോത്സന്മാരെയും ദൈവങ്ങളെയുമാണ്,’ അദ്ദേഹം പറഞ്ഞു.

ചില പടങ്ങൾ അങ്ങനെയാണെന്നും അത്തരം സിനിമകളുടെ ഫോർമുല നമുക്ക് അറിയാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയിലെ അതേ പശ്ചാത്തലവും കാര്യങ്ങളും വെച്ച് മാത്രമേ റീമേക്ക് സിനിമകൾ ചെയ്യാൻ പറ്റുകയുള്ളൂവെന്നും എന്നാൽ അത്തരം ചിത്രങ്ങൾ പുറത്തേക്ക് വന്ന് കഴിയുമ്പോൾ ചിലപ്പോൾ പരാജയപെട്ടു പോവുമെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കി.

Content Highlight: Udayakrishna talks about Ivan Maryadaraman

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more