| Saturday, 14th November 2026, 6:05 pm

ഇത് കേട്ടിട്ട് എനിക്ക് ചിരിയൊന്നും വരുന്നില്ല, നിങ്ങളെ വിശ്വസിച്ച് ചെയ്യുകയാണ് എന്നായിരുന്നു ആ സിനിമക്ക് മുമ്പ് മമ്മൂക്ക ഞങ്ങളോട് പറഞ്ഞത്: ഉദയകൃഷ്ണ

അമര്‍നാഥ് എം.

ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് മോളിവുഡിലേക്ക് കടന്നുവന്നരാണ് ഉദയകൃഷ്ണ- സിബി കെ. തോമസ് കോമ്പോ. മലയാളത്തിലെ എക്കാലത്തെയും മികച്ച കൊമേഷ്‌സ്യല്‍ എന്റര്‍ടൈനറുകള്‍ ഒരുക്കാന്‍ ഈ കോമ്പോയ്ക്ക് സാധിച്ചു. 2015ല്‍ ഈ കോമ്പോ പിരിഞ്ഞെങ്കിലും ഉദയകൃഷ്ണ ഇപ്പോഴും ഫീല്‍ഡില്‍ സജീവമാണ്.

കരിയറിലെ ഹിറ്റുകളിലൊന്നായ തുറപ്പുഗുലാനെക്കുറിച്ച് സംസാരിക്കുകയാണ് ഉദയകൃഷ്ണ. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്‍ണി സംവിധാനം ചെയ്ത് 2006ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു തുറപ്പുഗുലാന്‍. മമ്മൂട്ടിയില്‍ നിന്ന് അതുവരെ കാണാത്ത, വ്യത്യസ്തമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ കുഞ്ഞുമോന്‍.

ലയണിന്റെ ഷൂട്ടിനിടയിലാണ് തങ്ങള്‍ക്ക് മമ്മൂട്ടിയോട് കഥ പറയാന്‍ അവസരം ലഭിച്ചതെന്ന് ഉദയകൃഷ്ണ പറഞ്ഞു. ആലുവ പാലസിലായിരുന്നു ഷൂട്ടെന്നും ആ സമയത്ത് നിര്‍മാതാവ് മിലന്‍ ജലീലാണ് തങ്ങളെ മമ്മൂട്ടിക്ക് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഉദയകൃഷ്ണ.

‘മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി പടം ചെയ്യുക എന്നത് അന്ന് എല്ലാവരുടെയും ആഗ്രഹമായിരുന്നു. ഞങ്ങളുടെ കാര്യം നോക്കുകയാണെങ്കില്‍ മോഹന്‍ലാലിന്റെ പടം കഴിഞ്ഞ ഉടനെ മമ്മൂക്കയുടെ പടം. പക്ഷേ, മമ്മൂക്കക്ക് പറ്റിയ കഥ നമ്മുടെ കൈയിലുണ്ടായിരുന്നില്ല. തൊട്ടടുത്ത ദിവസം തലശേരിയിലേക്ക് പോയി. അവിടെ ബല്‍റാം vs താരാദാസിന്റെ ഷൂട്ട് നടക്കുകയായിരുന്നു.

ജോണി ആന്റണിയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. മമ്മൂക്കയെ കണ്ടപ്പോള്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍ എന്നിവരൊക്കെ എഴുതുന്ന ടൈപ്പ് കഥ ഞങ്ങളുടെ അടുത്ത് ഇല്ല എന്ന് പറഞ്ഞു. ‘അങ്ങനത്തെ കഥകള്‍ എഴുതാന്‍ അവരൊക്കെയുണ്ടല്ലോ, ആളുകളെ നല്ലവണ്ണം ചിരിപ്പിക്കുന്ന, ഇമോഷനൊക്കെയുള്ള സാധാരണ കഥ മതി’ എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ സംസാരിച്ച് ഇരുന്നപ്പോള്‍ എറണാകുളത്ത് ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍ തട്ടുകട ഇട്ടിരിക്കുന്ന ആളെ ഓര്‍മ വന്നു.

അതിനെ കുറച്ച് തമാശയുടെ രൂപത്തില്‍ കഥയായി അവതരിപ്പിച്ചു. ജോണിക്ക് അത് ഇഷ്ടമായി, ഓക്കെയാണ് എന്ന് പറഞ്ഞു. ‘നിങ്ങളൊക്കെ ചിരിക്കുമ്പോഴും എനിക്ക് ചിരിയൊന്നും വന്നില്ല. നിങ്ങളെ വിശ്വസിച്ച് ഞാന്‍ ഓക്കെ പറയുകയാണ്’ എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് തുറപ്പുഗുലാന്‍ ഓക്കെയായത്,’ ഉദയകൃഷ്ണ പറയുന്നു.

Content Highlight: Udayakrishna about the stories behind Thuruppugulan movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more