മലയാളത്തില്‍ ഒരുകാലത്ത് കൊമേഷ്‌സ്യല്‍ സിനിമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഉദയകൃഷ്ണ- സിബി. കെ. തോമസ് എന്നിവരുടേത്. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ കരിയറാരംഭിച്ച ഇരുവരും പിന്നീട് നിരവധി ഹിറ്റ് സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് ഒരുക്കി. ലയണ്‍, റണ്‍വേ, ട്വന്റി 20, വെട്ടം എന്നീ ചിത്രങ്ങള്‍ ഇരുവരുടെയും കരിയറിലെ മികച്ച പ്രൊജക്ടുകളാണ്.
സിബിയുമായി പിരിഞ്ഞ ശേഷവും ഉദയകൃഷ്ണ സിനിമാലോകത്ത് സജീവമാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയായിരുന്നു. കരിയറിലെ പല ഹിറ്റുകളെക്കുറിച്ചും ഫ്‌ളോപ്പുകളെക്കുറിച്ചും സംസാരിക്കുകയാണ് ഉദയകൃഷ്ണ. പല ഹിറ്റുകളും ഒരുങ്ങിയത് കുറച്ച് ദിവസങ്ങള്‍ കൊണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
റണ്‍വേയുടെ ഷൂട്ടിനിടയിലാണ് വെട്ടത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയതെന്നും രണ്ട് സിനിമകളും ഒരേ സമയത്തായിരുന്നു ആരംഭിച്ചതെന്നും ഉദയകൃഷ്ണ പറഞ്ഞു. വെട്ടത്തിന്റെ ഷൂട്ട് തുടങ്ങിയപ്പോള്‍ വണ്‍ലൈന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എല്ലാ ആര്‍ട്ടിസ്റ്റുകളെയും ഒന്നിച്ച് കൊണ്ടുവന്ന് അഭിനയിപ്പിച്ചത് വലിയ റിസ്‌കായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ഉദയകൃഷ്ണ.
‘റണ്‍വേയും വെട്ടവും ഒന്നിച്ച് കംപ്ലീറ്റാക്കിയ പടങ്ങളാണ്. അതിന് ശേഷമാണ് ഇന്‍ഡസ്ട്രിയില്‍ കുറച്ച് ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം ലയണും ചെയ്തു. ഇതിന്റെ ഇടയിലാണ് കിലുക്കത്തിന്റെ രണ്ടാം ഭാഗത്തിന് ഞങ്ങള്‍ സ്‌ക്രിപ്‌റ്റെഴുതിയത്. പ്രിയദര്‍ശനും മോഹന്‍ലാലും സന്ധ്യാ മോഹനും ഞങ്ങളുടെ സുഹൃത്തുക്കളായതുകൊണ്ട് മാത്രമാണ് ആ സിനിമ സംഭവിച്ചത്. ചുമ്മാ സംസാരിക്കുന്നതിനിടയില്‍ ഓരോ സിനിമക്കും രണ്ടാം ഭാഗം വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് വെറുതെ പറഞ്ഞ് നോക്കിയതാണ്.
ആ ഒരു സംസാരത്തിനെ നിര്‍മാതാവ് പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് സ്‌ക്രിപ്റ്റിലേക്ക് കടന്നത്. കിലുക്കം എന്ന് പറയുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കാണ്. അതിന് സെക്കന്‍ഡ് പാര്‍ട്ട് എഴുതുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിക്കണം. മോഹന്‍ലാല്‍ 10 ദിവസത്ത ഡേറ്റ് തന്നു, മലയാളത്തിലെ എല്ലാ കോമഡി ആര്‍ട്ടിസ്റ്റുകളുമുണ്ട്, അതുപോലെ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഈ കഥയിലേക്ക് വന്നു. ഇതൊക്കെയായപ്പോള്‍ ചെയ്ത പടമായിരുന്നു അത്.
ഞങ്ങള്‍ ചെയ്ത വലിയ തെറ്റുകളിലൊന്നാണ് കിലുക്കത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട്. ആ പടത്തിന്റെ സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോള്‍ തന്നെ അത് പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും പടം കൊമേഷ്‌സ്യലി സേഫായി. മുടക്കിയ പൈസ തിരിച്ചുകിട്ടിയിരുന്നു. പക്ഷേ, ഇന്ന് നോക്കുമ്പോള്‍ വേണ്ടായിരുന്നു എന്നാണ് ആ സിനിമയെക്കുറിച്ച് തോന്നുന്നത്,’ ഉദയകൃഷ്ണ പറയുന്നു.
Content Highlight: Udayakrishna about Kilukkam Kilukilukkam movie