| Wednesday, 18th March 2026, 7:48 am

നാല് ഗോളിന് ജയിക്കണമെന്നിരിക്കെ അഞ്ച് ഗോള്‍ വിജയം; നോര്‍വീജിയന്‍ വിജയക്കുതിപ്പിന് പോര്‍ച്ചുഗലില്‍ വീരചരമം

ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിനോട് പരാജയപ്പെട്ട് നോര്‍വീജിയന്‍ സൂപ്പര്‍ ടീം ബോഡോ ഗ്ലിംറ്റ് ടൂര്‍ണമെന്റില്‍ നിന്നും പുറത്ത്. സ്‌പോര്‍ട്ടിങ്ങിന്റെ തട്ടകമായ ലിസ്ബണിലെ എസ്റ്റാഡിയോ ഹോസെ അല്‍വലാദെയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ബോഡോയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗീസ് ടീം വിജയം സ്വന്തമാക്കിയത്.

ഇതോടെ 5-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ സ്‌പോര്‍ട്ടിങ് ക്വാര്‍ട്ടര്‍ ഫൈനലിനും യോഗ്യത നേടി.

സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച ബോഡോ ഗ്ലിംറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്‌നം കണ്ടിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെയും അത്‌ലറ്റിക്കോ മാഡ്രിഡിനെയും ഇന്ററിനെയും പരാജയപ്പെടുത്തി തുടര്‍ച്ചയായ അഞ്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ വിജയിച്ചെത്തിയ മഞ്ഞക്കുപ്പായക്കാര്‍ക്ക് രണ്ടാം പാദത്തില്‍ ലിസ്ബണിനെ നാല് ഗോള്‍ വ്യത്യാസത്തില്‍ വിജയിക്കാന്‍ അനുവദിക്കാതിരുന്നാല്‍ മാത്രം മതിയായിരുന്നു.

എന്നാല്‍ ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് തവണ നോര്‍വീജിയന്‍ ടീമിന്റെ ഇടനെഞ്ചിലേക്ക് നിറയൊഴിച്ച സ്‌പോര്‍ട്ടിങ് അവര്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചു.

മത്സരത്തില്‍ കൊളംബിയന്‍ ഇന്റര്‍നാഷണല്‍ ലൂയീസ് സുവാരസിനെ ആക്രമണത്തിന്റെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനാണ് ഹോം ടീം സ്വീകരിച്ചത്. മറുവശത്ത് 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനില്‍ നട്‌സണ്‍ തന്റെ കുട്ടികളെ കളത്തിലിറക്കി.

വിസില്‍ മുഴങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ ഇരു ടീമുകളും എതിര്‍വല ലക്ഷ്യമിട്ട് മുന്നേറ്റങ്ങള്‍ നടത്തി. പലവുരു ഇരുവരുടെയും ഗോള്‍മുഖം ഭീഷണിയിലായി.

മത്സരത്തിന്റെ 35ാം മിനിട്ടില്‍ ഗോള്‍സാലോ ഇനാസിയോയിലൂടെ സ്‌പോര്‍ട്ടിങ് മുമ്പിലെത്തി. ഫ്രാന്‍സിസ്‌കോ ട്രിന്‍സാവോയാണ് ഗോളിന് വഴിയൊരുക്കിയത്. കോര്‍ണര്‍ കിക്കില്‍ നിന്നുമാണ് ഗോള്‍ പിറന്നത്.

തുടര്‍ന്നുള്ള പത്ത് മിനിട്ടുകള്‍ ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതി ഒറ്റ ഗോളിന്റെ ലീഡില്‍ സ്‌പോര്‍ട്ടിങ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ 17ാം മിനിട്ടില്‍ പെഡ്രോ ഗോണ്‍സാല്‍വസിലൂടെ ലീഡ് ഇരട്ടിയാക്കിയ സ്‌പോര്‍ട്ടിങ് 79ാം മിനിട്ടില്‍ മൂന്നാം ഗോളും കണ്ടെത്തി. പെനാല്‍ട്ടിയിലൂടെ ലൂയീസ് സുവരാസാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത സമയത്ത് 3-0 എന്ന നിലയില്‍ സ്‌പോര്‍ട്ടിങ് വിജയിച്ചെങ്കിലും അഗ്രഗേറ്റ് സ്‌കോര്‍ 3-3 ആയതിനാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ തന്നെ സ്‌പോര്‍ട്ടിങ് ഒരിക്കല്‍ക്കൂടി വലകുലുക്കി. മാക്‌സിമിലിയാനോ അരൗഹോയാണ് ഗോള്‍ കണ്ടെത്തിയത്. ഇതോടെ ‘ഈക്വലൈസര്‍’ ഗോളിനായി ബോഡോയുടെ ശ്രമം. എന്നാല്‍ ഈ മോഹങ്ങള്‍ക്ക് 120+1ാം മിനിട്ടില്‍ റാഫേല്‍ നെല്‍ അന്ത്യമിട്ടതോടെ സ്‌പോര്‍ട്ടിങ് 5-0 എന്ന സ്‌കോറിന് മത്സരവും 5-3 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ റൗണ്ട് ഓഫ് സിക്സ്റ്റീനും വിജയിച്ചു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഴ്‌സണലാണ് സ്‌പോര്‍ട്ടിങ്ങിന്റെ എതിരാളികള്‍. ഏപ്രില്‍ എട്ടിന് സ്വന്തം തട്ടകത്തില്‍ ആദ്യ പാദവും 15ന് പീരങ്കിപ്പടയുടെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ രണ്ടാം പാദവും അരങ്ങേറും.

Content Highlight: UCL: Sporting Lisbon defeated Bodo Glimt and advanced to quarter finals

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more