| Thursday, 26th February 2026, 7:41 am

ഗോള്‍ കീപ്പര്‍ ഗോളടിച്ച് തോല്‍പ്പിച്ചതിന് പ്രതികാരം; ഒന്നും അവസാനിച്ചിട്ടില്ല രാമാ...

ആദർശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് റൗണ്ട് ഓഫ് സിക്സ്റ്റീനിന്. കഴിഞ്ഞ ദിവസം റയലിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കിയത്. ഇതോടെ 3-1 എന്ന അഗ്രഗേറ്റ് സ്‌കോറിന്റെ വിജയവും റയല്‍ മാഡ്രിഡ് സ്വന്തമാക്കി.

4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനിലാണ് ആര്‍ബലോവ റയലിനെ കളത്തില്‍ വിന്യസിച്ചത്. മറുവശത്ത് ബെന്‍ഫിക്ക 4-2-3-1 എന്ന രീതിയും അവലംബിച്ചു.

സ്വന്തം തട്ടകമായ ലിസ്ബണില്‍ ഒരു ഗോളിന് പിന്നിലായതിന്റെ സകല നിരാശയും മനസിലിട്ടാണ് ബെന്‍ഫിക്ക സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലിറങ്ങിയത്. 14ാം മിനിട്ടില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. സ്‌ട്രൈക്കര്‍ റാഫ സില്‍വയാണ് ബെന്‍ഫിക്കയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ ആഘോഷത്തിന് അധികം ആയുസ് നല്‍കാതെ ഔറെലന്‍ ചൗമനി റയലിനെ ഒപ്പമെത്തിച്ചു. 16ാം മിനിട്ടില്‍ വാല്‍വെര്‍ഡെയുടെ അസിസ്റ്റിലാണ് താരം ഗോള്‍ കണ്ടെത്തിയത്.

1-1 എന്ന നിലയില്‍ ഇരുവരും ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച അവസരങ്ങളുണ്ടാക്കിയെങ്കിലും അതില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത് റയലിനാണ്. മത്സരത്തിന്റെ 80ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ റയലിനെ മുമ്പിലെത്തിച്ചു. ഇത്തവണയും വാല്‍വെര്‍ഡെയാണ് ഗോളിന് വഴിയൊരുക്കിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതോടെ റയല്‍ റൗണ്ട് ഓഫ് സിക്സ്റ്റീനിനും ടിക്കറ്റെടുത്തു.

ലോസ് ബ്ലാങ്കോസിനെ സംബന്ധിച്ച് ഈ വിജയം ഒരു പ്രതികാരം കൂടിയാണ്.

യു.സി.എല്ലിന്റെ ആദ്യ ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ബെന്‍ഫിക്കയോട് തോറ്റാണ് റയല്‍ പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യത്തിലെത്തിയത്.സാക്ഷാല്‍ ഹോസെ മൗറീന്യോയുടെ തന്ത്രത്തില്‍ 4-2നാണ് ബെന്‍ഫിക്ക റയലിനെ തകര്‍ത്തുവിട്ടത്.

ഗോള്‍ നേടിയ ഗോള്‍ കീപ്പര്‍ അനറ്റോലി ട്രൂബിന്റെ ആഹ്ലാദം

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ഗോള്‍ കീപ്പര്‍ ഗോള്‍ നേടിയതും റയലിന്റെ പരാജയത്തെ കൂടുതല്‍ നീറുന്നതാക്കി. ഇതിന് പിന്നാലെയാണ് റയല്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്നും ഒമ്പതാം സ്ഥാനത്തേക്ക് വീണതും, പ്ലേ ഓഫ് കളിക്കേണ്ട സാഹചര്യമുണ്ടായതും.

തങ്ങളെക്കൊണ്ട് പ്ലേ ഓഫ് കളിപ്പിച്ച അതേ ടീമിനെ പരാജയപ്പെടുത്തി നോക്ക്ഔട്ടിന് യോഗ്യത നേടിയത് ലോസ് ബ്ലാങ്കോസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കും.

റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയോ മറ്റൊരു പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണോ ആകും ടീമിന്റെ എതിരാളികള്‍. ഫെബ്രുവരി 27ന് നടക്കുന്ന ഡ്രോയിലൂടെയായിരിക്കും എതിരാളികള്‍ ആരെന്ന് തീരുമാനിക്കപ്പെടുക.

രണ്ട് പാദങ്ങളടങ്ങിയ മത്സരങ്ങളായിരിക്കും റൗണ്ട് ഓഫ് സിക്‌സറ്റീനിലും ഉണ്ടാവുക. മാര്‍ച്ച് 10, 11 തീയ്യതികളില്‍ ആദ്യ പാദവും 17, 18 തീയ്യതികളില്‍ രണ്ടാം പാദവും അരങ്ങേറും.

Content Highlight: UCL: Real Madrid defeated Benfica

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more