യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്ക്ഔട്ട് പ്ലേ ഓഫ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നു. റൗണ്ട് ഓഫ് സിക്സ്റ്റീന്‍ ലക്ഷ്യമിട്ട് പോയിന്റ് പട്ടികയിലെ ഒമ്പത് മുതല്‍ 24ാം സ്ഥാനക്കാര്‍ വരെയുള്ളവരാണ് ആദ്യ പാദ മത്സരങ്ങള്‍ക്ക് കളത്തിലിറങ്ങുന്നത്. വിവിധ ലീഗിലെ സൂപ്പര്‍ ടീമുകള്‍ ആദ്യ 16 ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നുണ്ട്.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും പോര്‍ച്ചുഗല്‍ സൂപ്പര്‍ ടീം ബെന്‍ഫിക്കയും തമ്മിലുള്ള മത്സരമാണ് ഈ മാച്ച് ഡേയിലെ പ്രധാന ആകര്‍ഷണം. ആദ്യ റൗണ്ട് പോരാട്ടത്തില്‍ റയലിനെ തോല്‍പ്പിച്ചാണ് ബെന്‍ഫിക്ക ആദ്യ 24ല്‍ ഇടം പിടിച്ചത്.
ഈ തോല്‍വിയാണ് ആദ്യ എട്ടില്‍ നിന്നും നേരിട്ട് റൗണ്ട് ഓഫ് സിക്‌സറ്റീനില്‍ ഇടം പിടിക്കുന്നതില്‍ നിന്നും റയലിനെ വലിച്ച് താഴെയിട്ടത്. ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റയല്‍, ദി സ്‌പെഷ്യല്‍ വണ്‍ ഹോസെ മൗറീന്യോയുടെ തന്ത്രത്തിന് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്ക് വീണു.
ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ഗോള്‍ കീപ്പര്‍ അനറ്റോലി ട്രൂബിന്‍ നേടിയ ഗോളാണ് ബെന്‍ഫിക്കയ്ക്ക് ആദ്യ 24ല്‍ അവസരം നേടിക്കൊടുത്തത്. ഫ്രഞ്ച് ടീം മാഴ്‌സയെ ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാണ് ബെന്‍ഫിക്ക മുമ്പോട്ട് കുതിച്ചത്.
റയലിനെതിരെ മത്സരത്തിന്റെ 90ാം മിനിട്ടുവരെ 3-2 എന്ന നിലയില്‍ ബെന്‍ഫിക്ക ജയിച്ചുനില്‍ക്കുകയായിരുന്നു. എങ്കിലും ടോപ്പ് 24ല്‍ ഇടം പിടിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഗോള്‍ ഡിഫ്രന്‍സും (-3) പോയിന്റും (9) ആ നിമിഷം തുല്യമായിരുന്നെങ്കിലും അടിച്ച ഗോളിന്റെ കണക്കില്‍ മാഴ്സെയായിരുന്നു മുന്നിട്ടുനിന്നത്.
മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കവെയാണ് ബെന്‍ഫിക്കയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നത്. ഈ അവസരം ഗോളാക്കി മാറ്റാന്‍ സാധിച്ചാല്‍ പോര്‍ച്ചുഗീസ് ടീമിന് 24ാം സ്ഥാനക്കാരായി മുമ്പോട്ട് കുതിക്കാന്‍ അവസരമൊരുങ്ങുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് മൗറീന്യോ ഗോള്‍കീപ്പറെ ആക്രമണത്തിനിറക്കിയത്. ഓര്‍സ്നെസ് തൊടുത്ത ഷോട്ടില്‍ ഡൈവ് ചെയ്ത് തലവെച്ച ട്രൂബിന്‍ കോര്‍ട്വായെ മറികടന്ന് പന്ത് വലയിലെത്തിച്ചു. 3-2ന് ലീഡുണ്ടായിരുന്നെങ്കിലും ബെന്‍ഫിക്ക യഥാര്‍ത്ഥത്തില്‍ വിജയിച്ചത് 90+8ാം മിനിട്ടിലെ ഈ ഗോളോടെയാണ്.
ഈ ഗോളിന് പിന്നാലെ മാഴ്സെയ്ക്കെതിരായ ഗോള്‍ വ്യത്യാസം -2 ആയതോടെയാണ് ബെന്‍ഫിക്ക മുമ്പോട്ട് കുതിച്ചത്.
അവസാന നിമിഷം ഗോള്‍ നേടിയ ട്രൂബിന്‍റെ ആഹ്ളാദം. Photo: Benfica
ബെന്‍ഫിക്കയ്‌ക്കെതിരെ ഒരിക്കല്‍ക്കൂടി കളത്തിലിറങ്ങുമ്പോള്‍, അതും അവരുടെ തട്ടകത്തില്‍, ഈ തോല്‍വി റയലിന്റെ മനസിലുണ്ടാകുമെന്നുറപ്പാണ്.
ബുധനാഴ്ച രാത്രി 1.30ന് ലിസ്ബണിലാണ് റയല്‍ – ബെന്‍ഫിക്ക പോരാട്ടം.
യു.സി.എല്‍ 2025-26 പ്ലേ ഓഫ് മത്സരങ്ങള്‍
ഗളറ്റാസരേ vs യുവന്റസ്
ബൊറൂസിയ ഡോര്‍ട്മുണ്ട് vs അറ്റ്‌ലാന്റ
മൊണാക്കോ vs പി.എസ്.ജി
ബെന്‍ഫിക്ക vs റയല്‍ മാഡ്രിഡ്
ഖരബാഗ് vs ന്യൂകാസില്‍ യുണൈറ്റഡ്
ഒളിമ്പിയാക്കോസ് vs ബയേര്‍ ലെവര്‍കൂസന്‍
ബോഡോ ഗ്ലിംറ്റ് vs ഇന്റര്‍ മിലാന്‍
ക്ലബ്ബ് ബ്രൂഗെ vs അത്‌ലറ്റിക്കോ മാഡ്രിഡ്
റൗണ്ട് ഓഫ് സിക്സറ്റീനിന് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍ (പോയിന്റ് പട്ടികയിലെ ഒന്ന് മുതല്‍ എട്ട് വരെ സ്ഥാനക്കാര്‍)
ആഴ്സണല്‍, ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍, ടോട്ടന്‍ഹാം ഹോട്സ്പര്‍, ബാഴ്സലോണ, ചെല്‍സി, സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ സിറ്റി.
നോക്ക്ഔട്ട് പ്ലേ ഓഫിന് യോഗ്യത നേടിയ ടീമുകള്‍ (പോയിന്റ് പട്ടികയിലെ ഒമ്പത് മുതല്‍ 24 വരെ സ്ഥാനക്കാര്‍)
റയല്‍ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, പി.എസ്.ജി, ന്യൂകാസില്‍ യുണൈറ്റഡ്, യുവന്റസ്, അത്‌ലറ്റിക്കോ മാഡ്രിഡ്, അറ്റ്ലാന്റ, ബയേര്‍ ലെവര്‍കൂസന്‍, ബൊറൂസിയ ഡോര്‍ട്മുണ്ട്, ഒളിമ്പിയാക്കോസ്, ക്ലബ്ബ് ബ്രൂഗെ, ഗളറ്റാസരേ, മൊണാക്കോ, ഖരാബാഗ്, ബോഡോ ഗ്ലിംറ്റ്, ബെന്‍ഫിക്ക.
പുറത്തായ ടീമുകള്‍ (പോയിന്റ് പട്ടികയിലെ 25 മുതല്‍ 36 വരെ സ്ഥാനക്കാര്‍)
മാഴ്സെ, പാഫോസ്, യൂണിയന്‍ സെന്റ് ഗില്ലോസ്, പി.എസ്.വി, അത്ലറ്റിക്കോ ബില്‍ബാവോ, നാപ്പോളി, കോപ്പന്‍ഹേഗന്‍, അയാക്സ്, എന്റിക്ട് ഫ്രാങ്ക്ഫോര്‍ട്ട്, സ്ലാവിയ പ്രാഹ, വിയ്യാറയല്‍, കൈരറ്റ് അല്‍മാറ്റി.
Content Highlight: UCL 2025-26, Play Offs: Real Madrid will face Benfica in 1st leg
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ