ന്യൂദല്‍ഹി: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.ഡി.എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തില്‍ വേറിട്ട നിലപാടുമായി എന്‍.ഡി.എ ഘടക കക്ഷികള്‍. ജെ.ഡി.യു, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) എന്നീ പാര്‍ട്ടികളാണ് അമിത് ഷായുടെ തീരുമാനത്തോട് വിയോജിക്കുന്ന നിലപാട് സ്വീകരിച്ചത്.
ബിഹാറില്‍ ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് യു.സി.സിയെക്കുറിച്ച് ജെ.ഡി.യു വ്യക്തമാക്കി. ദേശീയ തലത്തില്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ബിഹാറില്‍ അത് നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് ജെ.ഡി.യു നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ശ്യാം രജക് പറഞ്ഞു. തിങ്കളാഴ്ച പട്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നേരത്തെയും രജക് ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ഈ ബില്‍ പാര്‍ലമെന്റില്‍ വന്നപ്പോള്‍ തങ്ങളുടെ നേതാവ് നിതീഷ് കുമാര്‍ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. ഞങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഞങ്ങളുടെ സംസ്ഥാനമായ ബിഹാറില്‍ ഇത് നടപ്പിലാക്കാന്‍ അനുവദിക്കില്ല. ആ നിലപാടില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാജക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി ഇക്കാര്യം ബിജെപിയുടെ ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് ജെ.ഡി.യു ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ എം.പി സഞ്ജയ് ഝാ പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രിയുമായി ഇത് ചര്‍ച്ച ചെയ്യുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ വിശാലമായ ദേശീയ സമവായം ആവശ്യമാണെന്ന് ജെ.ഡി.യു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തി മാത്രമേ യു.സി.സിയിലേക്കുള്ള നീക്കങ്ങള്‍ പാടുള്ളൂ എന്ന് ജെ.ഡി.യു നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമൂഹികവും മതപരവുമായ വൈവിധ്യങ്ങള്‍ ഇതിനായി കണക്കിലെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ബിഹാറിലെ മറ്റൊരു എന്‍.ഡി.എ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) നിയമം പെട്ടെന്ന് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. യു.സി.സിക്ക് നിരുപാധികം പിന്തുണ നല്‍കില്ലെന്നാണ് എല്‍.ജെ.പി (രാംവിലാസ്) നിലപാട്.
ഇക്കാര്യത്തിലുള്ള കരട് ബില്ലോ വിശദമായ പദ്ധതിരേഖയോ തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു. അതിന് ശേഷം മാത്രമേ അതിന്റെ പ്രത്യാഘാതങ്ങളും നിയമപരമായ വശങ്ങളും വിലയിരുത്തുകയുള്ളൂ എന്നും പാര്‍ട്ടി വ്യക്തമാക്കി.
പാര്‍ട്ടി അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാമൂഹിക ഘടനയും ഭരണഘടനാപരമായ സംരക്ഷണങ്ങളും പരിഗണിക്കണമെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ പറഞ്ഞു. യു.സി.സി കരട് രേഖ പരസ്യപ്പെടുത്തണമെന്നും വിശാലമായ ചര്‍ച്ചകളിലൂടെ ബന്ധപ്പെട്ടവരുടെ താത്പര്യങ്ങള്‍ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇന്ത്യയുടെ സാമൂഹിക ഘടന വൈവിധ്യപൂര്‍ണ്ണമാണ്. ഓരോ വിഭാഗത്തിനും അവരുടേതായ പൗരജീവിത രീതികളും ആചാരങ്ങളുമുണ്ട്,’ ഗോത്രവര്‍ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ വ്യവസ്ഥകളും ഇളവുകളും ചൂണ്ടിക്കാട്ടി പാസ്വാന്‍ പറഞ്ഞു.
‘എന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി സമത്വത്തിനും വൈവിധ്യത്തിനും വേണ്ടി ഒരുപോലെ പ്രതിജ്ഞാബദ്ധത കാത്തു സൂക്ഷിക്കുന്നു. കരട് രേഖ പരസ്യപ്പെടുത്തട്ടെ, ബന്ധപ്പെട്ട എല്ലാവരുടെയും താത്പര്യങ്ങള്‍ വിലയിരുത്തട്ടെ, വിപുലമായ ചര്‍ച്ചകള്‍ നടക്കട്ടെ. അതിനുശേഷം അവലോകനം നടത്തി പാര്‍ട്ടി അതിന്റെ നിലപാട് വ്യക്തമാക്കും,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുമ്പോഴും ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചനകള്‍ നടത്തണമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ട്ടി ഈ നടപടിയെ പിന്തുണയ്ക്കുമെന്നും എന്നാല്‍ അത് നടപ്പിലാക്കുന്നതിന് മുന്‍പ് വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ടി.ഡി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ലാവു ശ്രീകൃഷ്ണ ദേവരായലു പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ത്തിരുന്ന പാര്‍ട്ടിയായിരുന്നു ടി.ഡി.പി. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പാര്‍ട്ടി ‘മുസ്‌ലിം സമൂഹത്തിനൊപ്പം നില്‍ക്കും’ എന്ന് പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. എന്നാല്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എയില്‍ ചേരും മുമ്പ് അവര്‍ നിലപാട് മാറ്റി.
2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി, എന്‍ഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഞായറാഴ്ച മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അമിത് ഷാ പ്രഖ്യാപിച്ചത്.
Content Highlight: UCC on NDA States- NDA Allies Raises Differences to Amit Shah Claim