| Saturday, 17th February 2024, 10:05 am

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെതിരെ യു.എ.പി.എ ചുമത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യും. ചിക്കമംഗളൂര്‍ അങ്ങാടി സ്വദേശി സുരേഷിനാണ് ഇന്നലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യല്‍ സോണ്‍ കമ്മിറ്റി അംഗമാണ് സുരേഷ്.

കര്‍ണാടക വനമേഖലയില്‍ വെച്ച് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാന ആക്രമിച്ചത്. ചികിത്സക്കായി കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ച ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിഷയത്തില്‍ അന്വേഷണം എ.ടി.എസ് ഏറ്റെടുക്കും. ഇന്നലെയാണ് പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഇടതുകാലിനും നെഞ്ചിനും പരിക്കേറ്റ സുരേഷിനെയും കൊണ്ട് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തുകയായിരുന്നു.

മരക്കമ്പുകളില്‍ കമ്പിളി കെട്ടി അതിലിരുത്തി എടുത്തുകൊണ്ടാണ് വന്നത്. മൂന്നുദിവസം മുന്‍പ് ആനയുടെ ചവിട്ടേറ്റതാണെന്നും ചികിത്സ നല്‍കണമെന്നും സുരേഷ് വീട്ടുകാരോടാവശ്യപ്പെട്ടു. സുരേഷിനെ ഈ വീട്ടില്‍ കിടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മടങ്ങി.

പിന്നാലെ വിവരമറിഞ്ഞ് പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി. പരിക്കേറ്റ മാവോയിസ്റ്റുമായി സംസാരിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആയുധധാരികളായ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് സുരേഷിനൊപ്പമുണ്ടായിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മാവോയിസ്റ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more