| Monday, 20th April 2020, 4:01 pm

ദേശവിരുദ്ധ പോസ്റ്റുകള്‍ അപ് ലോഡ് ചെയ്‌തെന്നാരോപിച്ച് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ”ദേശവിരുദ്ധ പോസ്റ്റുകള്‍” അപ് ലോഡ് ചെയ്തുവെന്നാരോപിച്ച് കശ്മീരിലെ വനിതാ ഫോട്ടോ ജേണലിസ്റ്റിനെതിരെ ജമ്മു കശ്മീര്‍ പൊലീസ് യു.എ.പി.എ ചുമത്തി.

ജമ്മു കശ്മീര്‍ പൊലീസ് ഇറക്കിയ പ്രസ്താവനയിലാണ് മസ്രത്ത് സഹ്‌റ എന്ന
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ യു.എ.പി.എയും ഐ.പി.സി 50 ഉം ചുമത്തിയതായി വ്യക്തമാക്കിയത്.

26 കാരിയായ സഹ്‌റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

” മസ്രത്ത് സഹ്‌റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തില്‍ ദേശവിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം കിട്ടി,” ജമ്മു കശ്മീര്‍ പൊലീസ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മസ്രത്ത് സഹ്‌റ സമൂഹത്തില്‍ അസ്വാരസ്യം ഉണ്ടാക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതായും ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെ ന്യായികരിക്കുന്ന പോസ്റ്റുകള്‍ ഇടുന്നതായും പൊലീസ് ആരോപണം ഉയര്‍ത്തുന്നുണ്ട്.

അതേസമയം തനിക്കെതിരെ യു.എ.പി.എ ചുമത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് മസ്രത്ത് സഹ്‌റ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
സംഭവത്തെ കശ്മീര്‍ പ്രസ് ക്ലബ് അപലപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മാധ്യമപ്രവര്‍ത്തകരെ അധികാരികള്‍ വേട്ടയാടുകയാണെന്നും കശ്മീര്‍ പ്രസ് ക്ലബ് ജനറല്‍ ഇഷ്ഫാക് പ്രതികരിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more