അബുദാബി: സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ വിഘടനവാദി സേനയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് സൗദി അറേബ്യ യെമനിലെ മുകല്ല തുറമുഖ നഗരം ആക്രമിച്ചതിന് പിന്നാലെ ശേഷിക്കുന്ന സേനയെ 24 മണിക്കൂറിനിടെ പിന്‍വലിക്കാമെന്ന് യു.എ.ഇ.
യെമനി പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തീരുമാനത്തെ സൗദി അറേബ്യ പിന്തുണച്ച സാഹചര്യത്തിലാണ് യു.എ.ഇയുടെ പിന്‍മാറ്റം.
‘യെമനില്‍ ശേഷിക്കുന്ന തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരെ സ്വന്തം താത്പര്യ പ്രകാരം തിരിച്ചുവിളിക്കുന്നു’ ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ യു.എ.ഇ അറിയിച്ചു.
സമീപകാലത്തുള്ള സംഭവവികാസങ്ങളുടെയും ഭീകരവിരുദ്ധ ദൗത്യങ്ങളുടെയും അവ ചെലുത്തുന്ന പ്രത്യാഘാതങ്ങളുടെയും അടിസ്ഥാനത്തിലാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും പ്രസ്താവനയില്‍ യു.എ.ഇ പറഞ്ഞു. മുകല്ലയില്‍ സൗദിയുടെ ആക്രമണത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളില്ലാതെയാണ് യു.എ.ഇ പത്രക്കുറിപ്പ് പുറത്തിറക്കിയത്.
ആയുധക്കടത്ത് നടത്തുന്നുവെന്ന സൗദിയുടെ ആരോപണങ്ങളെ യു.എ.ഇ തള്ളുകയും ചെയ്തു.
യെമന്റെ കിഴക്കന്‍ പ്രവിശ്യയിലെ സൗദി പിന്തുണയുള്ള സര്‍ക്കാര്‍ സേനയെ ആക്രമിക്കാന്‍ വിഘടനവാദികള്‍ക്ക് മേല്‍ യു.എ.ഇ സമ്മര്‍ദം ചെലുത്തുന്നുവെന്ന് സൗദി ആരോപിച്ചിരുന്നു. ഇത്തരം അപകടകരമായ നടപടികളെ തങ്ങള്‍ നേരിടുമെന്നും സൗദി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി യെമനില്‍ ഹൂത്തി പിന്തുണയുള്ള സൈന്യത്തെ ചെറുക്കുന്നതില്‍ പരസ്പരം കൈകോര്‍ത്ത രാജ്യങ്ങളാണ് സൗദിയും യു.എ.ഇയും. എന്നാല്‍ ഉള്‍പ്പോരുകള്‍ കാരണം ഈ സഖ്യത്തിനും വിള്ളല്‍ വീണിട്ടുണ്ട്.
വിഘടനവാദികള്‍ യെമനില്‍ നടത്തിയ സമീപകാല മുന്നേറ്റങ്ങളിലെ യു.എ.ഇ ബന്ധം ആരോപിച്ച് സൗദി തങ്ങളുടെ നിലപാട് കടുപ്പിച്ചിരുന്നു. അബുദാബിയുടെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നും സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു.എ.ഇയുടെ കിഴക്കന്‍ തീരത്തുള്ള തുറമുഖ നഗരമായ ഫുജൈറയില്‍ നിന്നാണ് കപ്പലുകള്‍ മുകല്ലയില്‍ എത്തിയത്. ഇതിന് പിന്നാലെയായിരുന്നു സൗദിയുടെ ആക്രമണം.
ഹൂത്തികള്‍ക്കെതിരെ യുദ്ധത്തില്‍ സൗദിയും അബുദാബിയും ഒരേ നിലപാടിലായിരുന്നു. ഇരു രാജ്യങ്ങളും അടുത്ത ബന്ധം നിലനിര്‍ത്തുകയും ഒപെക് അംഗങ്ങളായി സഹകരണത്തില്‍ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തായി യെമനില്‍ സ്വാധീനമുറപ്പിക്കാനും സാമ്പത്തിക താത്പര്യങ്ങള്‍ക്കും വേണ്ടി ഇരുവരും പരസ്പരം മത്സരിച്ചിരുന്നു.
Content Highlight: UAE withdraws from Yemen after Saudi strike on Mukalla port