ടെഹ്‌റാന്‍: ഇറാനെതിരായ ഇസ്രഈല്‍-അമേരിക്ക സംയുക്ത സൈനിക നീക്കങ്ങള്‍ക്കിടയില്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യു.എ.ഇ) നിന്നുള്ള ഒരു ഉന്നതതല സുരക്ഷാ സംഘം ഇസ്രഈലില്‍ അതീവ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ, സൈനിക ഏകോപനത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം നടന്നതെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.
ഇസ്രഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ ‘കാന്‍ 11’ (Kan 11) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിലാണ് മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന ഈ സുപ്രധാന നീക്കങ്ങള്‍ നടന്നത്.
യു.എ.ഇ ഭരണകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന ബോയിങ് 737 സ്വകാര്യ രാജകീയ വിമാനത്തിലാണ് പ്രതിനിധി സംഘം ഇസ്രഈലിലെത്തിയത്.
സംഘത്തിലെ അംഗങ്ങളുടെ വിശദവിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇസ്രഈലിലെ ഉന്നത സൈനിക-സുരക്ഷാ ഉദ്യോഗസ്ഥരുമായി അവര്‍ കൂടിക്കാഴ്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ നിലവിലെ അസ്ഥിരതയും യുദ്ധകാലത്തെ സുരക്ഷാ സഹകരണവുമാണ് ഈ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്.
അതേസമയം, യുദ്ധകാലയളവില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയതായി ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഇസ്രഈല്‍ ഇതിനെ വിശേഷിപ്പിച്ചത്.
എന്നാല്‍, ഇസ്രഈലിന്റെ ഈ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളിക്കൊണ്ട് യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. നെതന്യാഹു യു.എ.ഇ സന്ദര്‍ശിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, ഇസ്രഈലില്‍ നിന്നുള്ള ഒരു സൈനിക പ്രതിനിധി സംഘത്തിനും തങ്ങള്‍ ആതിഥ്യമരുളിയിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
അബ്രഹാം ഉടമ്പടിയുടെ (Abraham Accords) ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ തികച്ചും സുതാര്യമാണെന്നും, രഹസ്യമായ നീക്കങ്ങളോ ചര്‍ച്ചകളോ ഇതിന് പിന്നിലില്ലെന്നുമാണ് യു.എ.ഇയുടെ വിശദീകരണം.
Content Highlight: UAE security team makes secret visit to Israel amid Iran tensions; report