| Tuesday, 10th March 2026, 3:07 pm

ഇറാനെ ആക്രമിക്കാൻ സൈനിക താവളങ്ങൾ ഉപയോഗിക്കില്ല; യു.എ.ഇ

മുഹമ്മദ് നബീല്‍

അബുദാബി: ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ ഭാഗമാവില്ലെന്നും ടെഹ്റാനിലെ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കില്ലെന്നും യു.എ.ഇയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധി ജമാൽ അൽ മുഷറാഖ്.

ജനീവയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

‘ഞങ്ങളുടെ താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നില്ല, ഞങ്ങൾ മുന്നേ പറഞ്ഞതുപോലെ യു.എ.ഇ ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല,’ അദ്ദേഹം പറഞ്ഞു.

അമേരിക്കയും ഇറാനും ആക്രമണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും മുഷറാഖ് കൂട്ടിച്ചേർത്തു.

സംഘർഷം നിയന്ത്രിക്കുക എന്നത് ഞങ്ങളുടെ കാലങ്ങളായുള്ള നിലപാടാണ് അതിൽ ഒരു മാറ്റവുമില്ല അദ്ദേഹം പറഞ്ഞു.

യു.എ.ഇയിലെ ഉപ്പുവെള്ളം ശുദ്ധീകരണ പ്ലാന്റുകളും, ഊർജ്ജ കേന്ദ്രങ്ങളും, ഉൾപ്പെടെയുള്ള സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങൾ ന്യായീകരിക്കാനാവുന്നതല്ലെന്നും നയതന്ത്ര പ്രതിനിധി പറഞ്ഞു. ഇത്തരം നിർണായക കേന്ദ്രങ്ങളെ പ്രതിരോധിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയും അയൽരാജ്യങ്ങളും ആക്രമിക്കുന്നത് സമാധാനം കണ്ടെത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയെ ആക്രമിച്ചാലും തങ്ങളുടെ സൈനിക താവളങ്ങൾ ഇറാൻ ആക്രമണങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇതുവരെയും ഇറാൻ അമേരിക്ക സംഘർഷം മയപ്പെട്ടുത്തുന്നതിനുള്ള ഇടപെടലുകൾ ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ അന്താരാഷ്ട്ര സുരക്ഷയ്ക്കും സമാധാനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഖത്തർ അമീറും മുന്നറീപ്പ് നൽകിയിരുന്നു.

Content Highlight: UAE says its bases will not be used for attacks on Iran

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more