| Thursday, 16th October 2025, 11:19 pm

ലോകകപ്പ് യോഗ്യതയുറപ്പിച്ച് യു.എ.ഇയും; മാമാങ്കത്തിനുള്ള 20 ടീമുകള്‍ ഇവര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി 2026 ടി – 20 ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി യു.എ.ഇ. ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫറില്‍ ജപ്പാനെ തോല്‍പ്പിച്ചാണ് ടീം ലോകകപ്പിന് ടിക്കറ്റെടുത്തത്. മത്സരത്തില്‍ ടീം ജപ്പാനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തോടെ ടേബിളില്‍ ടീം രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ലോകകപ്പിനുള്ള 20ാം ടീമായി യു.എ.ഇ മാറുകയായിരുന്നു.

യു.എ.ഇ യോഗ്യത നേടിയതോടെ ഏഷ്യയില്‍ നിന്ന് എട്ടാമത്തെ ടീമാണ് ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ മാറ്റുരക്കുക. നേരത്തെ ഇന്ത്യയും പാകിസ്ഥാനും അടക്കം ഏഴ് ടീമുകള്‍ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരുന്നു.

ഇവര്‍ക്ക് പുറമെ, സഹ ആതിഥേയരായ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഒമാന്‍ എന്നിവരാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പില്‍ കളിക്കുന്നത്. നേപ്പാളും ഒമാനും കഴിഞ്ഞ ദിവസമാണ് കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തിനായി യോഗ്യത ഉറപ്പിച്ചത്.

ഏഷ്യയ്ക്ക് പുറമെ, യൂറോപ്പില്‍ നിന്നും നാല് ടീമുകളും ആഫ്രിക്കയില്‍ നിന്ന് മൂന്ന് ടീമുകളും ലോകകപ്പിനുണ്ട്. യൂറോപ്പില്‍ നിന്ന് ഇറ്റലി, നെതര്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. അതേസമയം, ആഫ്രിക്കയില്‍ നിന്ന് സൗത്ത് ആഫ്രിക്ക സിംബാബ്വേ, നമീബിയ എന്നിവരാണ് ടൂര്‍ണമെന്റില്‍ ഇറങ്ങുക.

ഇവരോടൊപ്പം, ലോകകപ്പിന് നോര്‍ത്ത് അമേരിക്കയില്‍ നിന്നും ഓഷ്യാനിയയില്‍ നിന്നും രണ്ട് ടീമുകള്‍ വീതമുണ്ട്.
യു.എസ്.എ, കാനഡ ടീമുകള്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്ന് എത്തുമ്പോള്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളാണ് ഓഷ്യാനിയയില്‍ നിന്ന് ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്.

ഐ.സി.സി 2026 ടി – 20 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍

ഇന്ത്യ

ശ്രീലങ്ക

അഫ്ഗാനിസ്ഥാന്‍

ഓസ്‌ട്രേലിയ

ബംഗ്ലാദേശ്

ഇംഗ്ലണ്ട്

സൗത്ത് ആഫ്രിക്ക

യു.എസ്.എ

വെസ്റ്റ് ഇന്‍ഡീസ്

അയര്‍ലന്‍ഡ്

ന്യൂസിലാന്‍ഡ്

പാകിസ്ഥാന്‍

കാനഡ

ഇറ്റലി

നെതര്‍ലന്‍ഡ്‌സ്

നമീബിയ

സിംബാബ്വേ

നേപ്പാള്‍

ഒമാന്‍

യു.എ.ഇ

Content Highlight: UAE qualified for T20 World Cup 2026

We use cookies to give you the best possible experience. Learn more